മുംബൈ-ഇന്ത്യയില്‍ 45 വയസ്സിന് മുകളിലുള്ള 40% പേര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇതില്‍ അഞ്ചില്‍ ഒരാള്‍ ദൈനംദിന ജീവിതാവശ്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം തേടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 'ദി ലോംഗിറ്റൂഡിനല്‍ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ', ആഴത്തിലുള്ള വിശകലനമാണ് മുതിര്‍ന്നവരുടെ ആരോഗ്യത്തെ കുറിച്ച് നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള പഠനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ അളവുകോലാണ് 'ദി ലോംഗിറ്റൂഡിനല്‍ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ'യുടേത് എന്ന് മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപുലേഷന്‍ സയന്‍സിലെ മുതിര്‍ന്ന ഗവേഷകന്‍ സഞ്ജയ് കുമാര്‍ മൊഹന്തി പറഞ്ഞു. 45ന് മുകളിലുള്ള പത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും, നാലില്‍ ഒരാള്‍ മാരക രോഗങ്ങള്‍ക്ക് ഇരകളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ്. ഇതിനു തൊട്ട് പിറകെയാണ് ശ്വാസകോശ രോഗികളുടെ സ്ഥാനം. 60 വയസ്സിന് മുകളിലുള്ള 5 ശതമാനം പേര്‍ ഇന്ത്യയില്‍ വ്യത്യസ്ത തരത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നണ്ട്.