കൊച്ചി- വൈറ്റില മേൽപാലം തുറന്നു നൽകിയെന്നാരോപിച്ച് വിഫോർ കേരള പ്രവർത്തകർക്കെതിരെ വീണ്ടും പോലീസ് നടപടി. ഇന്ന് പുലർച്ചെ നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ കൊച്ചി സോൺ കോഓർഡിനേറ്റർ ഷക്കീർ അലി, പ്രവർത്തകരായ ആന്റണി ആൽവിൻ, സാജൻ എന്നിവരെയാണ് പനങ്ങാട് സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ കയറി അറസ്റ്റു ചെയ്തത്.
ഇന്നു പുലർച്ചെ മൂന്നുമണിക്ക് മട്ടാഞ്ചേരിയിലുള്ള ഷക്കീർ അലിയുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. രാത്രി ഒന്നരയോടെയാണ് സാജനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് പാലം തുറന്നു നൽകുന്നതിനായി വൈറ്റില പാലത്തിനു സമീപം സംഘടിച്ച നേതാക്കളുടെയും പ്രവർത്തകരുടെയും ചിത്രങ്ങൾ നോക്കിയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വിഫോർ പ്രവർത്തകർ ആരോപിക്കുന്നു.
വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപ് തുറന്ന് കൊടുത്തതിന്റെ പേരിൽ നേരത്തെ അറസ്റ്റിലായ നാല് വി ഫോർ കൊച്ചി പ്രവർത്തകർ റിമാന്റിലാണ്. വി ഫോർ കൊച്ചി കേരള ഘടകം ചെയർമാൻ നിപുൻ ചെറിയാൻ, ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരെ കാക്കനാടുള്ള ഫ്‌ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
അറസ്റ്റു ചെയ്ത പ്രതികളെ വീഡിയോ കോൺഫറൻസിലൂടെയാണു കോടതിയിൽ ഹാജരാക്കി വിസ്താരം നടത്തിയത്. ജാമ്യം നിഷേധിച്ച കോടതി പ്രതികളെ റിമാന്റു ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അരൂർ ഭാഗത്തു നിന്നും വരുന്ന പാലത്തിന്റെ മുമ്പിൽ സ്ഥാപിച്ചിരുന്ന ക്രോസ്സ് ബാർ ആരോ നീക്കം ചെയ്തത്. ഇതോടെ പാലത്തിലൂടെ വാഹനങ്ങൾ പ്രവേശിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് പോലിസെത്തി വീണ്ടും പാലം അടക്കുകയായിരുന്നു. പനങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള വൻ പോലിസ് സംഘം ചൊവ്വാഴ്ച രാത്രിയോടെ നിപുൺ ചെറിയാൻ താമസിക്കുന്ന കാക്കനാടുള്ള ഫ്‌ലാറ്റ് വളഞ്ഞ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. നേരത്തെ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പാലം തുറന്നു നൽകിയത് വി 4 പ്രവർത്തകരല്ല എന്ന നിലപാടിലാണ് നേതാക്കൾ.