സ്റ്റോക്ക്‌ഹോം- നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി ഇത്തവണ യോഗ്യത നേടുന്നത് അനിശ്ചിതത്വത്തിൽ. സ്റ്റോൾനയിൽ സ്വീഡനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് അസ്സൂറികളുടെ പ്രതീക്ഷ മങ്ങുന്നത്. 61 ാം മിനിറ്റിൽ സബ്സ്റ്റിറ്റിയൂട്ട് യാക്കോബ് യോഹാൻസന്റെ വകയയായിരുന്നു നിർണായക ഗോൾ. തിങ്കളാഴ്ച മിലാനിലെ സാൻസിറോയിൽ സ്വീഡനെതിരെ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ആറ് പതിറ്റാണ്ടിനു ശേഷം ഇറ്റലി ലോകകപ്പിൽ വെറും കാഴ്ചക്കാരാവും.
ലോകകപ്പ് ചരിത്രത്തിൽ ഒരേയൊരു തവണ മാത്രമേ ഇറ്റലിക്ക് യോഗ്യത നേടാൻ കഴിയാതെ പോയിട്ടുള്ളു, 1958 ൽ.
ഇത്തവണ യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ ജി ഗ്രൂപ്പിൽ തുടക്കം മുതലേ തപ്പിത്തടയുകയായിരുന്ന ഇറ്റലി ഇന്നലത്തെ തോൽവിയോടെ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. നേരത്തെ സ്‌പെയിനിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ അവർ ദുർബലരായ മാസിഡോണിയയോട് 1-1 സമനില വഴങ്ങുകയും ചെയ്തു.
സ്വന്തം കാണികളുടെ കലവറയില്ലാത്ത പിന്തുണമയുമായി ഇറങ്ങിയ സ്വീഡൻ ഇറ്റലിയെ തന്ത്രപരമായി നേരിട്ടാണ് ജയം സ്വന്തമാക്കിയത്. ഇറ്റലിയുടെ ഓരോ നീക്കവും തുടക്കത്തിൽ തന്നെ നിർവീര്യമാക്കാനും കായികമായി ചെറുത്തുനിൽക്കാനും അവർ ശ്രദ്ധിച്ചു. ഗോൾ നേടിയതോടെ ആതിഥേയർ പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ടെക്‌നിക്കിന്റെ പേരിൽ സ്വീഡൻ നടത്തിയ ശാരീരിക ആക്രമണങ്ങൾ റഫറി കണ്ടില്ലെന്ന് ഇറ്റാലിയൻ കോച്ച് ഗിയാൻ പിയേറോ വെഞ്ചുറ പരിതപിച്ചു.
തോറ്റെങ്കിലും പരിഭ്രമിക്കാനില്ലെന്ന് വെറ്ററൻ താരവും ഗോളിയുമായ ജിയാൻലൂക ബുഫോൺ പറഞ്ഞു. മിലാനിലെ മത്സരത്തിൽ തിരിച്ചുവരാനാവുമെന്നും 39 കാരൻ തുടർന്നു.