കോഴിക്കോട്- അടുത്ത സംസ്ഥാന മന്ത്രിസഭയിൽ ബി.ഡി.ജെ.എസിന്റെ മന്ത്രിമാർ ഉണ്ടാകുമെന്ന് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയെ സംബന്ധിച്ചിടത്തോളം അധികാരത്തിൽ എത്തുകയെന്നതാണ് പ്രധാനം. അടുത്ത നിയമസഭയിൽ കേരളത്തിന് മന്ത്രിമാർ ഉണ്ടാകും. മുപ്പതോളം പാർട്ടികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ പാർട്ടി ഏഴാം സ്ഥാനത്തെത്തി. അന്ന് ബൂത്ത് കമ്മിറ്റിയോ പഞ്ചായത്ത് കമ്മിറ്റിയോ ഒന്നുമില്ലായിരുന്നു. എല്ലായിടത്തും ആളെ നിർത്തിയാൽ ബി.ഡി.ജെ.എസിന് വോട്ട് ശതമാനത്തിൽ നാലാം സ്ഥാനത്ത് എത്താനാവും. ബി.ജെ.പി മുമ്പ് മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയതിന് കാരണം ബി.ഡി.ജെ.എസിന്റെ സാന്നിധ്യമാണ്. 95 ശതമാനം സ്ഥലങ്ങളിലും ഇപ്പോൾ ബൂത്ത് കമ്മിറ്റിയുണ്ട്. നാല് ജില്ലകളിലൊഴികെ ബാക്കി പത്ത് ജില്ലകളിൽ പാർട്ടിക്കു ശക്തമായ സ്വാധീനമുണ്ട്. ഒരു തരത്തിലും ബി.ഡി.ജെ.എസിനെ അനുവദിക്കുകയില്ലെന്ന് പറഞ്ഞിരുന്നവർ ഇന്ന് മുന്നണിയിലേക്ക് ക്ഷണിക്കുന്നു. അത് പാർട്ടിയുടെ വളർച്ച കണ്ടിട്ടാണ്. ആരുടെയും അടിമയല്ല ബി.ഡി.ജെ.എസ്. ഒരു പാർട്ടിയുടെ സഖ്യ കക്ഷിയാകാൻ വേണ്ടി മാത്രം തുടങ്ങിയതല്ല ഈ പാർട്ടി. എക്കാലവും കൂടെ നിൽക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടുമില്ല.
ജി.എസ്.ടി, പെട്രോൾ വില തുടങ്ങിയ വിഷയങ്ങളിൽ എൻ.ഡി.എയുമായി അഭിപ്രായ വ്യത്യാസമുണ്ട്. അതൊക്കെ മുന്നണിക്കുള്ളിൽ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കുറഞ്ഞ കാലയളവിനുഉള്ളിൽ തന്നെ ബി.ഡി.ജെ.എസിനു ശക്തി തെളിയിക്കാനായിട്ടുണ്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കേന്ദ്രമായ കോഴിക്കോട് മൂന്ന് മണ്ഡലങ്ങളിൽ പാർട്ടി മത്സരിച്ചു. ജയവും പരാജയവുമൊക്കെ രണ്ടാമത്തെ കാര്യമാണ്. കേരള രാഷ്ട്രീയം ഇന്ന് ശ്രദ്ധയോടെ വീക്ഷിക്കുന്നത് പാർട്ടി എങ്ങോട്ട് പോകുന്നു എന്നാണെന്നും സന്തോഷ് പറഞ്ഞു.
പാളയം ജയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ബാബു പൂതപ്പാറ, ഷാജു ചമ്മിനി, സുകുമാരൻ നായർ പേരാമ്പ്ര, ബിന്ദു, രാധാ രാജൻ, പി.എം രവീന്ദ്രൻ വടകര, സുനിൽകുമാർ പുത്തൂർമഠം, പി.സി.അശോകൻ, സതീഷ് കുറ്റിയിൽ, രത്‌നാകരൻ പയ്യോളി പ്രസംഗിച്ചു.