തൊടുപുഴ- ആദിവാസി കുടുംബങ്ങളില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ടെലി മെഡിസിന്‍ സംവിധാനവുമായി നടന്‍ മമ്മൂട്ടി. ടെലി മെഡിസിന്‍ പദ്ധതിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കാലതാമസമില്ലാതെ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസികള്‍ക്കുള്ള കാര്‍ഷിക ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തൊടുപുഴയില്‍ അദ്ദേഹം നിര്‍വഹിച്ചു. അഞ്ചുവര്‍ഷമായി തങ്ങളെ സഹായിക്കുന്ന പ്രിയ നടനെ കാണാനെത്തിയ മൂന്നാര്‍ കുണ്ടളക്കുടി കോളനിയിലെ മൂപ്പന്‍ ചിന്നസാമിക്കും സംഘത്തിനുമാണ് ഉപകരണങ്ങള്‍ കൈമാറിയത്.
കുണ്ടളക്കുടി കോളനിയില്‍നിന്ന് പുലര്‍ച്ചെ പുറപ്പെട്ടെങ്കിലും കാട്ടാന വഴി തടസ്സപ്പെടുത്തിയതിനാല്‍ ഉച്ചയോടെയാണ് മൂപ്പന്‍ എ കെ ചിന്നസാമിയും കൂട്ടരും തൊടുപുഴയിലെത്തിയത്.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കാണണമെന്നും സംസാരിക്കണമെന്നുമുള്ള അവരുടെ ആഗ്രഹം സഫലമായി. 2012ല്‍ ഇടമലക്കുടി, കുണ്ടളക്കുടി ആദിവാസി ഗ്രാമങ്ങളെ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ദത്തെടുത്തിരുന്നു. ഇവിടെ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
സിനിമാ തിരക്കിനിടയിലും തങ്ങളെ സഹായിക്കാന്‍ മനസ്സ് കാണിക്കുന്ന താരത്തിന് മൂപ്പന്‍ ചിന്നസ്വാമിയും കൂട്ടരും നന്ദി പറഞ്ഞു. ഊരില്‍ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികള്‍ മൂപ്പന്‍ മമ്മൂട്ടിക്ക് സമ്മാനിച്ചു. സിനിമാ ചിത്രീകരണം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മുപ്പനെയും കൂട്ടരെയും മമ്മൂട്ടി താന്‍ അഭിനയിക്കുന്ന പരോളിന്റെ ലൊക്കേഷനില്‍ കൊണ്ടുപോയി. അവര്‍ക്കൊപ്പം ചിത്രങ്ങളും എടുത്തശേഷമാണ് താരം അവരെ മടക്കി അയച്ചത്.