മലപ്പുറം- ലീഗും സമസ്തയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അഭിപ്രായ വ്യത്യാസമുണ്ടെന്ന വിവാദം മാധ്യമസൃഷ്ടിയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പാണക്കാട്ട് ലീഗ് നേതൃത്വവുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ തമ്മിൽ ഒരു അകലവുമില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അകലമുണ്ടെങ്കിൽ ഇവിടെ വരില്ലല്ലോ. മിക്ക ദിവസവും ഞങ്ങൾ ഫോൺ വിളിക്കാറുണ്ടെന്നായിരുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിൽ കോഴിക്കോട് ഉമ്മർ ഫൈസി മുക്കം പങ്കെടുത്തതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. മലപ്പുറത്ത് ചടങ്ങിനെത്താൻ ഒരുങ്ങിയ ആലിക്കുട്ടി മുസ്‌ലിയാരെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ദേഹാസ്വസ്ഥ്യം മൂലമാണ് മടങ്ങിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.