Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫുട്‌ബോളിലും 'സോളോ'ർ

ഹോപ് സോളോയും സെപ് ബ്ലാറ്ററും
  • ബ്ലാറ്റർ തന്റെ പൃഷ്ടത്തിൽ പിടിച്ചെന്ന് അമേരിക്കൻ വനിതാ ഫുട്‌ബോളർ ഹോപ് സോളോ
  • ആരോപണം അസംബന്ധമെന്ന് സെപ് ബ്ലാറ്റർ

ലോസേൻ- ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർക്കെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കൻ വനിതാ ഫുട്‌ബോൾ താരം ഹോപ് സോളോ. 2013 ലെ ബാലൻഡോർ ചടങ്ങിനിടെ ബ്ലാറ്റർ തന്റെ പൃഷ്ടത്തിൽ പിടിച്ചുവെന്നാണ് 36 കാരിയുടെ ആരോപണം. എന്നാൽ ആരോപണം അസംബന്ധവും അവഹേളനാപരവുമാണെന്ന് 81 കാരനായ ബ്ലാറ്റർ പ്രതികരിച്ചു.

ലോക ഫുട്‌ബോളർ അവാർഡുകൾ നൽകുന്ന ബാലൻഡോർ ചടങ്ങിനിടെ തന്റെ ടീമംഗമായ ആബി വാംബാച്ചിന് അവാർഡ് നൽകാൻ പോകുമ്പോഴാണ് ബ്ലാറ്റർ തന്നെ ഉപദ്രവിച്ചതെന്ന് സോളോ പറഞ്ഞു. താൻ സ്റ്റേജിലേക്ക് കയറുന്നതിനു തൊട്ടുമുമ്പായിരുന്നു ഇതെന്നും അവർ പോർച്ചുഗീസ് ഓൺലൈൻ പത്രമായ എക്‌സ്പ്രസോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലിസ്ബണിൽ നടക്കുന്ന വെബ് ഉച്ചകോടിക്ക് എത്തിയതായിരുന്നു സോളോ. 
പൊതു ഇടങ്ങളിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളുടെ തുടർക്കഥയെന്ന നിലയിലാണ് വർഷങ്ങളോളം അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീം ഗോളിയായിരുന്ന സോളോയുടെ വെളിപ്പെടുത്തൽ. എന്റെ കരിയറിലുടനീളം ഞാനിത്തരം സംഭവങ്ങൾ കണ്ടിട്ടുണ്ട്. കൂടുതൽ അത്‌ലറ്റുകൾ തങ്ങൾക്കുണ്ടായ ഇത്തരം അനുഭവങ്ങൾ പുറത്തു പറയണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ടിരിക്കുന്നു. ഹോളിവുഡിൽ മാത്രമല്ല, എല്ലായിടത്തും ഇതുണ്ടെന്നും സോളോ ചൂണ്ടിക്കാട്ടി. അമേരിക്ക വനിതാ ലോകകപ്പും രണ്ട് തവണ ഒളിംപിക് സ്വർണവും നേടിയ ടീമുകളിൽ അംഗമായിരുന്നു സോളോ.
ആരോപണം പക്ഷേ ബ്ലാറ്ററിന്റെ ഓഫീസ് ശക്തിയായി നിഷേധിച്ചു. 1998 മുതൽ 2015 വരെ ഫിഫയെ അടക്കി ഭരിച്ചിരുന്ന ബ്ലാറ്റർ അഴിമതി ആരോപണത്തെത്തുടർന്നാണ് പുറത്താവുന്നത്. എട്ട് വർഷത്തേക്ക് ഫിഫയിൽ പദവികൾ വഹിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തപ്പെട്ട ബ്ലാറ്റർ, അപ്പീൽ നൽകിയതിനെ തുടർന്ന് ശിക്ഷ ആറ് വർഷമായി കുറച്ചു. അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് അദ്ദേഹത്തെ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിൻ ക്ഷണിച്ചിട്ടുണ്ട്. 
ഫുട്‌ബോളിന്റെ പ്രചാരം ലോകമെമ്പാടും വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബ്ലാറ്ററുടെ കാലത്താണ് ആദ്യമായി ഏഷ്യയിലും ആഫ്രിക്കയിലും ലോകകപ്പ് നടക്കുന്നത്. 2022 ലെ ലോകകപ്പ് ഖത്തറിന് ഫിഫ അനുവദിച്ചതും അദ്ദേഹം ഭരണത്തിലുള്ളപ്പോൾ തന്നെ. പക്ഷേ അതിനു പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണം നിലനിൽക്കുന്നു.

 

Latest News