Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയായി ഡിജിറ്റല്‍ ഇഖാമ; എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

ജിദ്ദ- സൗദി അറേബ്യയില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ഇസ്തിമാറയും ഉള്‍പ്പെടെയുള്ള രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

ഇഖാമ മറന്നുവെച്ചാല്‍ ഫൈന്‍ നല്‍കേണ്ടിവരുമെന്ന ആധി ഇനി പഴങ്കഥയാകും.
ഇഖാമ പോക്കറ്റടിച്ച് വന്‍തുക ഈടാക്കി മടക്കി നല്‍കുന്ന കവര്‍ച്ച സംഘം തന്നെ പ്രവര്‍ത്തച്ചിരുന്നു. ഇഖാമ നഷ്ടപ്പെട്ടാല്‍ പകരം ഇഖാമ ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഭയന്നാണ് പലരും ഇത്തരം കവര്‍ച്ച സംഘങ്ങള്‍ക്ക് പണം നല്‍കിയിരുന്നത്.  

പോലീസ് പരിശോധനയിലും ബാങ്കുകളുടെയും കമ്പനികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഇടപാടുകളിലും മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇഖാമയും ലൈസന്‍സും കാണിച്ചുകൊടുത്താല്‍ മതിയെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരി അറിയിച്ചിട്ടുണ്ട്.
 നിലവിലെ പ്ലാസ്റ്റിക് രേഖകള്‍ ഇനി കൊണ്ടുനടക്കേണ്ടതില്ല. പരിശോധന സമയത്ത് പോലീസുകാരുടെ മൊബൈല്‍ ഫോണിലെ മൈദാന്‍ ആപ് വഴി ഡിജിറ്റല്‍ ഇഖാമ അവര്‍ക്ക് പരിശോധിക്കാനാകും. സൗദിയില്‍ ഏത് ഇടപാടുകളുടെയും അന്തിമ രേഖയായി ഇനി ഈ ഡിജിറ്റല്‍ രേഖയാണ് പരിഗണിക്കുക. ഫോണുകളില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഡിജിറ്റല്‍ ഇഖാമ കാണിച്ചുകൊടുക്കാനാകും.
വളരെ എളുപ്പത്തില്‍ ഡിജിറ്റല്‍ ഇഖാമ ആക്ടിവേറ്റ് ചെയ്യാം.
ആദ്യം ചെയ്യേണ്ടത് ഇതിനായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അബ്ശിര്‍ ഇന്‍ഡിവിഡ്വല്‍സ് എന്ന ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍നിന്നോ പ്ലേ സ്‌റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യുകയാണ്.
നേരത്തെ ലഭ്യമായ അബ്ശിര്‍ പോര്‍ട്ടല്‍ ആപ്ലിക്കേഷനല്ല. absher individuals എന്ന് സെര്‍ച്ച് ചെയ്ത് പുതിയ ആപ്പ് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യണം.
നേരത്തെ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്ത യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് പുതിയ ആപ്പില്‍ ലോഗ് ഇന്‍ ചെയ്യാം.
തുടര്‍ന്ന് മൈ സര്‍വീസസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഡിജിറ്റല്‍ ഐഡി ആക്ടിവേറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ കാണാം.
നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ക്കും ഇഖാമ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ വിവരങ്ങള്‍ക്കും ശേഷമാണ് ഡിജിറ്റല്‍ ഐ.ഡി ആക്ടിവേറ്റ് ചെയ്യാനുള്ള ടാബ്.
ഐഫോണ്‍ ആപ്പിലും ആന്‍ഡ്രോയിഡ് ആപ്പിലും ചെറിയ വ്യത്യാസങ്ങളുണ്ട്. ഇന്റര്‍നെറ്റില്ലെങ്കിലും ആപ്പ് തുറന്ന് വ്യൂ ഡിജിറ്റല്‍ ഐ.ഡി സെലക്ട് ചെയ്താല്‍ ക്യുആര്‍ കോഡും സ്‌പോണ്‍സറുടെ വിവരങ്ങളും സ്‌പോണ്‍സര്‍ ഐ.ഡിയും കാണിക്കും. മൈ ഫാമിലി എന്ന ടാബില്‍ കുടുംബത്തിന്റെ വിവരങ്ങളും ലഭ്യമാണ്.

 

Latest News