മൽബു ഉന്നയിച്ച എല്ലാ കോവിഡ് ആശങ്കകളും തള്ളപ്പെട്ടു. കോഴി ചുടാനുള്ള സംഘയാത്ര തീരുമാനിക്കപ്പെട്ടു. പറഞ്ഞിട്ടു കാര്യമില്ല, ആറേഴു മാസമായി കൂട്ടിലടക്കപ്പെട്ടവരുടെ കൊതിയാണ്. അതു വെറുമൊരു ചുട്ട കോഴിക്ക് വേണ്ടിയുള്ളതല്ല.
സ്വന്തം നിർദേശം തിരസ്‌കരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് സംഗതിയുടെ എല്ലാമെല്ലാമായി ആളാകുകയാണ് മൽബുവിന്റെ പതിവുരീതി.
അത് ശരിയുമാണ്. ഭൂരിപക്ഷം ആളുകൾ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അത് എത്ര ചെറിയ കൂട്ടമാണെങ്കിലും അതോടൊപ്പം നിൽക്കുകയല്ലാതെ ഉടക്കിന്റെ വഴി തേടുന്നത് ആരായാലും നല്ലതല്ല.
മൽബു ആദ്യം ചെയ്തത് മസാല തേക്കാൻ ഹംസയെ ഏൽപിക്കുകയായിരുന്നു. ചുടുന്ന കോഴിയിൽ മസാല തേക്കുന്ന കാര്യത്തിൽ ഹംസ കഴിഞ്ഞേ മറ്റൊരുമുള്ളൂ. കൈപുണ്യം എന്നൊക്കെയാണ് ആളുകൾ പറയുക. ചിക്കൻ ഫ്രഷായാലും ഫ്രോസണായാലും ഹംസയുടെ കരങ്ങളിലെത്തിയാൽ പിന്നെ ടേസ്റ്റിന്റെ കാര്യത്തിൽ ഒട്ടും നോക്കാനില്ല.
കോഴിയുടെ മസാല തയാറാക്കുക ഇത്ര വലിയ കാര്യമാണോ എന്നു ചോദിക്കുന്നവർ ഹംസയെ കൊണ്ട് അതൊന്നു ചെയ്യിച്ചു നോക്കണം എന്നു മാത്രമേ പറയാനുള്ളൂ.
പഴയതു പോലെ ഇപ്പോൾ എല്ലായിടത്തും കോഴി ചുടാൻ പറ്റില്ല. കോവിഡ് ഭീതിയൊഴിഞ്ഞ് ആളുകൾ ധാരാളം കൂടുന്നുണ്ടെങ്കിലും അനുമതിയില്ലാത്ത സ്ഥലത്ത് കോഴി ചുട്ടാൽ വലിയ തുക പിഴ നൽകേണ്ടി വരും.
കടപ്പുറം മനോഹരമാക്കിയപ്പോൾ കോഴി ചുടുന്നവർക്കു മാത്രമല്ല, അശ്രദ്ധമായി വേസ്റ്റ് ഇടുന്നവർക്കു പോലും പിഴശിക്ഷയുണ്ട്. ക്യാമറകൾ കണ്ണ് തുറന്നിരിപ്പാണ്.
കോഴി ചുടാൻ പറ്റിയ നല്ല സ്ഥലമുണ്ടോ എന്ന് ഇതിനു മുമ്പ് പുറത്തിറങ്ങിയ പലരോടും അന്വേഷിച്ചു. വലിയ പരിശോധന പേടിക്കേണ്ടതില്ലാത്ത കടപ്പുറത്തെ സ്ഥലങ്ങളുണ്ട്. ആരുടേയും ശല്യമില്ലാത്ത മലഞ്ചെരിവുകളുണ്ട്.
പറഞ്ഞുകേട്ട സ്ഥലങ്ങളിൽ നാലെണ്ണം തെരഞ്ഞെടുത്തു. അവയുടെ ലൊക്കേഷൻ മൂന്ന് വണ്ടിക്കാർക്ക് വാട്‌സ്ആപ്പിലൂടെ കൈമാറി.
മൂന്ന് കാറുകളിലാണ് കേരള ഹൗസിലെ സംഘം പുറപ്പെടുന്നത്. ആദ്യമെത്തുന്ന സ്ഥലത്ത് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ കോഴി ചുടാൻ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് നീങ്ങാമെന്നാണ് തീരുമാനം.
മൂന്ന് ഡ്രൈവർമാരുടെ കൈയിലും ലൊക്കേഷനും മാപ്പുമുണ്ട്. ഏതെങ്കിലും തടസ്സം കാരണം സ്ഥലം മാറിയാൽ ബാക്കി ഫോണിലൂടെ അറിയിക്കാമെന്ന് ശട്ടം കെട്ടി.
ഗൂഗിൾ മാപ്പ് നോക്കിയാണ് പോയതെങ്കിലും ആദ്യസംഘത്തിനു വഴി തെറ്റി. റോഡരികിൽ നിർത്തി പലരോടും ചോദിച്ചു.
എല്ലാവർക്കും തിരിച്ചു ചോദിക്കാനുള്ളത് ഗൂഗിൾ മാപ്പില്ലേ എന്നായിരുന്നു. ചെറിയ കുട്ടികൾ പോലും ഗൂഗിൾ മാപ്പ് നോക്കു ചേട്ടാ എന്നുപറയുന്നു.
അൽപം വൈകിയെങ്കിലും മൂന്ന് സംഘവും ഒരേ സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ കോഴി ചുട്ടാൽ പോലീസ് പിടിക്കില്ലെന്ന് ഉറപ്പിലെത്തുകയും ചെയ്തു. പലഭാഗത്തും കോഴി ചുടുന്നുണ്ട് എന്നതു തന്നെയാണ് പ്രധാനപ്പെട്ട ആശ്വാസം.
ഹംസയുടെ നേതൃത്വത്തിൽ കോഴി ചുടൽ പ്രക്രിയ തുടങ്ങി. പോലീസ് വരില്ലെന്നും പിടികൂടില്ലെന്നും അവിടെ ഉണ്ടായിരുന്ന പലരും ധൈര്യം പകർന്നിട്ടുണ്ടെങ്കിലും ജന്മസിദ്ധമായിട്ടുളള ആധി നീങ്ങിയിട്ടില്ല.
ആരെങ്കിലും വന്നാലോ..
പുകയും തീയും ഉയർന്നതോടൊപ്പം എല്ലാവരുടേയും കണ്ണുകൾ റോഡ് വരെ നീളുന്നുണ്ട്.
നെഞ്ചിടിപ്പ് മാറണമെങ്കിൽ ഇതൊന്നു വെന്തുകിട്ടണമെന്ന് ഹംസ പിറുപിറുക്കുന്നു. മറ്റുള്ളവരുടെ ചർച്ചയിൽ ട്രംപും മോഡിയും പിണറായിയുമൊക്കെയാണെങ്കിലും ഹംസയുടെ മനസ്സിൽ പോലീസും പിഴയുമായിരുന്നു.
കോഴി ചുട്ട് കനൽ കെടുത്തി സാമഗ്രികൾ കാറിന്റെ ഡിക്കിയിലേക്ക് മാറ്റണം. എന്നാലേ സമാധാനമാകൂ.
പെട്ടെന്നാണ് തുറിച്ചുനോക്കുന്ന രണ്ടു കണ്ണുകൾ ഹംസയുടെ ശ്രദ്ധയിൽപെട്ടത്. കുറച്ചകലെ നിന്ന് ഒരാൾ ഇങ്ങോട്ടു തന്നെ നോക്കുകയാണ്. അയാളുടെ കണ്ണുകൾ കോഴി മറിച്ചിട്ടുകൊണ്ടിരിക്കുന്ന ഹംസയിലേക്കും മൽബുവിലേക്കും തന്നെ.
പടച്ചോനെ കുടുങ്ങിയോ?
ഹംസ ചെറിയ ശബ്ദത്തിൽ മൽബുവിനോട് പറഞ്ഞു.
അയാളുടെ നോട്ടം അത്ര ശരിയല്ല. എന്തോ പിശകുണ്ട്.
നിയമലംഘകരെ പിടികൂടാൻ സാധാരണ വേഷം ധരിച്ചു വന്നതാകുമോ.
പോലീസും ഡിറ്റക്ടീവുകളും അങ്ങനെ ഇറങ്ങാറുണ്ട്. ഈയടുത്തായി അതു കൂടിയിട്ടുമുണ്ട്.
പക്ഷേ, അയാളുടെ അടുത്ത് ഒരു സ്ത്രീയും കുട്ടിയുമുണ്ടല്ലോ. അയാളുടെ ഫാമിലിയാകാനാണ് ചാൻസ്.
പോലീസിൽനിന്ന് രക്ഷപ്പെടാൻ നമ്മൾ കാറിന്റെ മുൻസീറ്റിൽ പെണ്ണുങ്ങളെ ഇരുത്തുന്നതു പോലെ ആണെങ്കിലോ. ഫാമിലി കൂടെയുള്ളപ്പോൾ ആർക്കും സംശയം തോന്നാത്തവിധം അന്വേഷണവും പരിശോധനയും നടത്താമല്ലോ..
ഏതായാലും അയാൾ കണ്ണെടുക്കുന്നില്ല.
പിടുകൂടാനാണ് ഉദ്ദേശ്യമെങ്കിൽ അടുത്തെത്തേണ്ട സമയം കഴിഞ്ഞു.
ഹംസയുടേയും മൽബുവിന്റേയും ആധിയുടെ ചൂട് കൂടിയായപ്പോൾ ചിക്കൻ കാലുകളും മറ്റു പീസുകളും വേഗത്തിൽ വെന്തുകിട്ടി.
ഹാവൂ ആശ്വാസമായെന്ന് പറഞ്ഞ് ഹംസ കനലുകൾ അവിടെ തട്ടി കോഴി ചുടുന്ന പാത്രം ദൂരേക്ക് മാറ്റിവെച്ചു.
ഇതുകണ്ടതും കണ്ണുമാറ്റാതെ തുറിച്ചു നോക്കിയിരുന്ന അയാൾ എഴുന്നേറ്റ് ഹംസയുടേയും മൽബുവിന്റേയും അടുത്തെത്തി.
കൈകൾ രണ്ടും കൂട്ടിമുട്ടിച്ച് ഖലാസ് എന്നു ചോദിച്ചു.
അതെ, ഖലാസ് ആയി എന്നു മറുപടി നൽകുമ്പോൾ ഹംസക്ക് നേരിയ വിറയലുണ്ടായോ എന്നു സംശയം.
തീക്കനലുകളിലേക്ക് നോട്ടമെറിഞ്ഞശേഷം അയാൾ നേരത്തെ ഇരുന്ന സ്ഥലത്തേക്ക് തിരികെ പോയി.
വീണ്ടും വരുമ്പോൾ അയാളുടെ കൈയിൽ ചെറിയ ഒരു പാത്രമുണ്ടായിരുന്നു.
ഇതു ഞാനെടുക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് അവിടെ കുത്തിയിരുന്ന് അയാൾ ജ്വലിക്കുന്ന കനലുകളോരൊന്ന് കൊണ്ടുവന്ന പാത്രത്തിലേക്കിട്ടു.
മൽബുവും ഹംസയും അയാൾ ഇരുന്നിരുന്ന സ്ഥലത്തേക്ക് നോക്കിയപ്പോൾ അതു കണ്ടു. ഒരു ഹുക്ക.
ഓഹോ ഹുക്ക വലിക്കാനായിരുന്നോ മനുഷ്യരെ പേടിപ്പിക്കുന്ന നോട്ടം നോക്കിയതെന്ന് മൽബു പറയുമ്പോഴേക്കും അയാൾ ആവശ്യത്തിനുള്ള കനലുകളെടുത്ത് നന്ദിപറഞ്ഞ് സ്ഥലം വിടാനൊരുങ്ങി.
അയാളെടുത്ത കനൽക്കട്ടകളോടൊപ്പം ഹംസയുടെ ആധിയും വെണ്ണീരായി