കൊച്ചി- ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപാലം തുറന്ന സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. വി4 കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ, മറ്റ് ഭാരവാഹികളായ ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.
പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ പാലം തുറന്നു നൽകിയത് തങ്ങളുടെ പ്രവർത്തകരല്ലെന്ന നിലപാടിലാണ് വി4 കേരള നേതാക്കൾ.
പാലം പണി പൂർത്തിയായി ഭാരപരിശോധനകൾ ഉൾപ്പടെ കഴിഞ്ഞിട്ടും വൈറ്റില പാലം തുറന്നു നൽകാത്തതിനെതിരെ പ്രതിഷേധവുമായി വിഫോർ കേരള രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 31ന് പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പോലീസ് നില ഉറപ്പിച്ചിരുന്നതിനാൽ നടന്നിരുന്നില്ല.
വൈറ്റില, കുണ്ടന്നൂർ മേൽപാലം ഈ മാസം 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിട്ടും പാലം തുറന്നു നൽകിയത് പോലീസിനു കനത്ത നാണക്കേടായി.