കോഴിക്കോട്- ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒരുമയും സൗഹൃദവും ഊഷ്മളമായത് സന്തോഷകരമാണെന്നും മിഡിൽ ഈസ്റ്റിന്റെ വികസനത്തിനും മുന്നേറ്റത്തിനും ഈ യോജിപ്പ് കരുത്തുപകരുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു.
ജി.സി.സി രാഷ്ട്രങ്ങൾ ഒരുമിച്ചു നിന്ന് സാമൂഹിക-സാമ്പത്തിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് അറബ് ലോകത്തിന്റ സുസ്ഥിര വളർച്ചയെ ത്വരിതപ്പെടുത്തും. അറബ്-ഇസ്‌ലാമിക പൈതൃകം ആഴത്തിൽ നിലനിൽക്കുന്ന ഈ രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും, പദ്ധതികളും ഏഷ്യ-ആഫ്രിക്ക വന്കരകളിലെ നിരവധി രാജ്യങ്ങൾക്കും സഹായകരമാകും. ആഫ്രിക്കയിലെ പല ദരിദ്ര രാജ്യങ്ങളുടെയും ജി.ഡി.പിയെ വർദ്ധിപ്പിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾക്കും, അവിടെ നിലനിൽക്കുന്ന തൊഴിൽ - വ്യാപാര സാഹചര്യങ്ങൾക്കും വലിയ പങ്കുണ്ട്. ഇന്ത്യയുടേയും പ്രധാന വാണിജ്യ സൗഹൃദ രാജ്യങ്ങളാണ് ജി.സി.സി രാഷ്ട്രങ്ങൾ. ഇന്ത്യക്കാരായ പ്രവാസികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
ഖത്തറിന് മേൽ മൂന്നു വർഷമായി ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് സഊദി ബോർഡർ തുറക്കുന്നതോടെ, പൂർവ്വാധികം ഭംഗിയായി മിഡിൽ ഈസ്റ്റിന്റെ ബഹുമുഖ മേഖലകളിലെ വളർച്ച നടക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.