കോഴിക്കോട് - ഹാദിയ വിഷയത്തിലെ രാഷ്ട്രീയവും മനുഷ്യാവകാശവും ചര്‍ച്ചക്ക് വിധേയമാക്കി നിസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദ സദസ് ശ്രദ്ധേയമായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ 'ഹാദിയ-മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയവും മനുഷ്യാവകാശവും' എന്നവിഷയത്തില്‍ നടന്ന സംവാദം ഈ വിഷയത്തിലെ വേറിട്ട അഭിപ്രായങ്ങളുടെ സംഗമ വേദിയായി. മാധ്യമ-സാമൂഹിക പ്രവര്‍ത്തകയായ കെ.പി ഷാഹിനയാണ് ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്.
ഹാദിയ വിഷയത്തില്‍ കേരളാ ഹൈക്കോടതി പിതാവിന്റെ ഷൂവില്‍ കയറിനിന്നാണ് വിധി പുറപ്പെടുവിച്ചതെന്നും ഇത് കോടതികളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും ഷാഹിന പറഞ്ഞു. 90 പേജുള്ള ഹൈക്കോടതി വിധിന്യായത്തിലെ അവസാന അഞ്ച് പേജുകള്‍ കോടതി പിതാവിലൂടെ കാര്യങ്ങള്‍ കണ്ടു എന്ന് വ്യക്തമാക്കുന്നവയാണ്. പിതാവിന്റെ ഷൂവില്‍ കയറി നിന്ന് നിലപാടെടുക്കാന്‍ ഭരണഘടന ജഡ്ജിമാരെ ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ പിതാക്കളായി സംസാരിക്കാന്‍ ഒരുപാടുപേരുണ്ട്. ഹാദിയയുടെ വിവാഹം റദ്ദാക്കിയതിലൂടെ കോടതി അധികാര പരിധിക്കു പുറത്തുകടന്നു എന്നുവേണം നിരീക്ഷിക്കാന്‍. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഈ നിരീക്ഷണം തന്നെയാണ് നടത്തിയിട്ടുള്ളത്. നിയമത്തില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നു എങ്കില്‍ പൊതുസമൂഹം നിയമത്തിന്റെ ഭാഷയില്‍ തന്നെ സംസാരിക്കേണ്ടി വരും. ഹാദിയ വിഷയത്തെ നിയമം, മനുഷ്യാവകാശം, മതപരിവര്‍ത്തനം എന്നിങ്ങനെ മൂന്ന് തലത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. ഹാദിയക്ക് അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കാന്‍ നിയമം അനുമതി നല്‍കുന്നുണ്ട്. ഈ അനുമതി പക്ഷേ ഏതെങ്കിലും ജഡ്ജിമാര്‍ അനുവദിക്കുന്നതല്ല, അത് ഭരണഘടന ഹാദിയക്ക് നല്‍കുന്ന അവകാശമാണ്. മനുഷ്യാവകാശ വിഷയത്തില്‍ അവരുടെ മൗലികാവകാശത്തിനു മേല്‍ നിയമാധികാരം ഉപയോഗിച്ച് ഹൈക്കോടതി അസാധാരണമായ തീരുമാനം കൈക്കൊള്ളുകയാണ് ചെയ്തത്. ഹാദിയയുടെ മൗലികമായ സ്വയം നിര്‍ണയാവകാശത്തെ കോടതി ഇതിലൂടെ ചോദ്യം ചെയ്യുകയുമാണ്.
മതപരിവര്‍ത്തന വിഷയത്തിലേക്കു വരുമ്പോള്‍ ഇന്നു കാണുന്നത് ഈ വിഷയത്തെ പ്രശ്‌നവല്‍ക്കരിക്കുന്നതിനു പകരം രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ്. കേരളത്തിനു പുറത്ത് സജീവമായ ഇസ്ലാമോഫാബിയ തന്നെയാണ് ഹാദിയ വിഷയത്തിലെ യഥാര്‍ത്ഥ ചര്‍ച്ചാവഴിയില്‍ നിന്നും വഴിതിരിച്ചുവിടുന്നതെന്നും ഷാഹിന പറഞ്ഞു.
മതപരിവര്‍ത്തനത്തിന്റെ ചരിത്രപരമായ മാറ്റത്തെ കുറിച്ച് പരിശോധിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഹാദിയ വിഷയത്തെ പ്രയോജനപ്പെടുത്തണമെന്ന് തുടര്‍ന്നു സംസാരിച്ച തേജസ് ചീഫ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി പറഞ്ഞു. 19ാം നൂറ്റാണ്ടിലെ മതപരിവര്‍ത്തനങ്ങളുടെ പ്രയോജന പ്രക്രിയയില്‍ നിന്നു മാറിയാണ് ഇന്ന് മതപരിവര്‍ത്തനം നടക്കുന്നത്. 21 ാം നൂറ്റാണ്ടിലെ മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ കച്ചവടനടത്തിപ്പിനാണ് മുന്‍തൂക്കം. ഇതിനെ വൈകാരികമായി മാത്രം കണ്ടിട്ടു കാര്യമില്ല. ഇസ്‌ലാമിലേക്കുള്ള മതപരവിര്‍ത്തനത്തിന് 19 ാം നൂറ്റാണ്ടു മുതല്‍ നീളുന്ന ഒരു ചരിത്രമുണ്ട്. ഹിന്ദു വിഭാഗത്തിലെ കടുത്ത ജാതിവ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടുന്നതിനോ അതിനെ പ്രതിരോധിക്കുന്നതിനോ ആയിരുന്നു അക്കാലത്ത് ഇസ്‌ലാമിലേക്ക് മതംമാറ്റമുണ്ടായത്. ഹിന്ദു സമൂദായത്തിലെ സവര്‍ണ വിഭാഗത്തിന്റെ അധികാര പ്രയോഗങ്ങള്‍ക്ക് ഇരകളാകേണ്ടിവന്ന ദളിത്-തീയ്യ സമുദായങ്ങളില്‍ നിന്നാണ് അക്കാലത്ത് ഇസ്ലാം മതത്തിലേക്ക് ആളുകള്‍ പരിവര്‍ത്തനം ചെയ്തത്. ഇന്ന് അതിന് മാറ്റം വന്നു. ഇന്ന് ഏത് മതവിഭാഗങ്ങളിലും മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഒരു കച്ചവട താല്‍പ്പര്യമുണ്ട്. ഫെറ നിയമം അനുസരിച്ച് ഇന്ത്യയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഫണ്ടുകളെ കുറിച്ചും, അതിന്റെ വിനിമയത്തെ കുറിച്ചും പഠിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയുടെ രാഷ്ട്രീയമാണ് ഇന്ത്യയിലെ മതപരിവര്‍ത്തനങ്ങളുടെ ഒളിയജണ്ടയെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. മതപരിവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം സംഘടനകളുടേയും പിന്നിലെ താല്‍പര്യം ഇതുതന്നെയാണ്. അഖില എന്ന പെണ്‍കുട്ടി മതം മാറിയപ്പോള്‍ ഹാദിയയായി. ഇതിലൂടെ പേര് മാത്രമാണ് മാറുന്നത്. വ്യക്തിത്വം മാറുന്നില്ല, ലോക കാഴ്ചപ്പാടില്‍ മാറ്റമുണ്ടാവുന്നില്ല. പിന്നെ എങ്ങിനെയാണ് മതം മാറി എന്ന് അവകാശപ്പെടാനാവുക. അംബേദ്ക്കര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചപ്പോള്‍ പേരുമാറ്റിയില്ല. മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ ആദ്യത്തെ അനുയായിയും ഭാര്യയുമായ ഖദീജയും പൂര്‍വ മതത്തിലെ പേര് തന്നെയാണ് തുടര്‍ന്നത്. മതപരമായ നിലപാടുകളല്ല, ജനസംഖ്യയുടെ രാഷ്ട്രീയവും അതിലൂടെ വളരുന്ന അധികാര രാഷ്ട്രീയവുമാണ് മതപരിവര്‍ത്തന വിവാദങ്ങളെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംവാദത്തില്‍ വി.പി സുഹറ അധ്യക്ഷയായിരുന്നു. അഡ്വ. പി.എ പൗരന്‍, എ.സജീവന്‍, ഉഷാദേവി സംസാരിച്ചു.