റിയാദ്- ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനം 1.64 ട്രില്യൺ ഡോളറാണെന്ന് ഔദ്യോഗിക കണക്ക്. ഗൾഫ് രാജ്യങ്ങളിൽ ജനങ്ങളുടെ പ്രതിശീർഷ വരുമാനം 28,700 ഡോളറാണ്. ആറു ഗൾഫ് രാജ്യങ്ങളുടെയും പ്രതിദിന എണ്ണയുൽപാദനം 17.8 ദശലക്ഷം ബാരലാണ്. ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 48 ശതമാനം സൗദി അറേബ്യയുടെ വിഹിതമാണ്. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 793 ബില്യൺ ഡോളറാണ്.
മൊത്തം ആഭ്യന്തരോൽപാദനത്തിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയുടെ മൊത്തം ആഭ്യന്തരോൽപാദനം 421 ബില്യൺ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ഖത്തറിന്റെ മൊത്തം ആഭ്യന്തരോൽപാദനം 183 ബില്യൺ ഡോളറാണ്. കുവൈത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനം 135 ബില്യൺ ഡോളറും ഒമാന്റെ മൊത്തം ആഭ്യന്തരോൽപാദനം 77 ബില്യൺ ഡോളറുമാണ്. ഏറ്റവും കുറവ് ആഭ്യന്തരോൽപാദനം ബഹ്‌റൈനിലാണ്. ബഹ്‌റൈനിന്റെ മൊത്തം ആഭ്യന്തരോൽപാദനം 39 ബില്യൺ ഡോളറാണ്. ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ യു.എ.ഇയുടെ വിഹിതം 26 ശതമാനവും ഖത്തറിന്റെ സംഭാവന 11 ശതമാനവും കുവൈത്തിന്റെ പങ്ക് എട്ടു ശതമാനവും ഒമാന്റെ വിഹിതം അഞ്ചു ശതമാനവും ബഹ്‌റൈനിന്റെ സംഭാവന രണ്ടു ശതമാനവുമാണ്. 2019 ലെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളുടെ ഉഭയകക്ഷി വ്യാപാരം 91.3 ബില്യൺ ഡോളറാണ്. ഇതിൽ 53 ശതമാനം യു.എ.ഇയുടെയും 26 ശതമാനം സൗദി അറേബ്യയുടെയും പങ്കാണ്.
ഉഭയകക്ഷി വ്യാപാരത്തിൽ ഗൾഫ് രാജ്യങ്ങൾ ആഗോള തലത്തിൽ ഒമ്പതാം സ്ഥാനത്തും വാണിജ്യ മിച്ചത്തിന്റെ കാര്യത്തിൽ ആഗോള തലത്തിൽ നാലാം സ്ഥാനത്തും ലോകത്തെ ആകെ പ്രകൃതി വാതക ശേഖരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുമാണ്. 2012 മുതൽ 2019 വരെയുള്ള കാലത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലെ കയറ്റുമതി 2.1 ശതമാനം തോതിൽ വർധിച്ചു. വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങൾ പരസ്പരം കയറ്റുമതി ചെയ്യുന്നതിൽ 4.7 ശതമാനം വളർച്ചയും പെട്രോളിതര പ്രദേശിക ഉൽപന്നങ്ങളുടെ പരസ്പര കയറ്റുമതിയിൽ 3.9 ശതമാനം വളർച്ചയും ഇക്കാലയളവിൽ രേഖപ്പെടുത്തി. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇക്കാലയളവിൽ എണ്ണ, പ്രകൃതി വാതക കയറ്റുമതി 4.1 ശതമാനം തോതിൽ കുറഞ്ഞു.
കൊറോണ പ്രതിസന്ധിയുടെ ഭാഗമായി നടപ്പാക്കിയിരുന്ന ചില നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ഗൾഫ് ഓഹരി വിപണി സൂചികകൾ 0.9 ശതമാനം വളർച്ച രേഖപ്പെടുത്തി. ഗൾഫ് ഓഹരി വിപണികളുടെ വിപണി മൂല്യം 1.7 ശതമാനം തോതിൽ വർധിച്ച് മൂന്നു ട്രില്യൺ ഡോളറിലെത്തി.
ഗൾഫ് സമ്പദ്‌വ്യവസ്ഥയിലെ പ്രധാന മേഖലയാണ് ടൂറിസം. ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 9.6 ശതമാനം വിനോദ സഞ്ചാര വ്യവസായ മേഖലുടെ സംഭാവനയാണ്. 2019 ൽ ട്രാവൽ, ടൂറിസം മേഖലയിലെ ജീവനക്കാരുടെ എണ്ണം 29 ലക്ഷമായി വർധിച്ചു. 2018 ൽ ഗൾഫ് രാജ്യങ്ങളിൽ ട്രാവൽ, ടൂറിസം മേഖലാ ജീവനക്കാർ 23 ലക്ഷമായിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ആകെ ജീവനക്കാരിൽ പത്തു ശതമാനത്തോളം ട്രാവൽ, ടൂറിസം മേഖലയിലാണ്. 2019 ൽ ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണം 26 ശതമാനം തോതിൽ വർധിച്ചു.
2019 അവസാനത്തെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ ആകെ ജനസംഖ്യ 57.4 ദശലക്ഷമാണ്. ലോക ജനസംഖ്യയുടെ 0.7 ശതമാനമാണിത്. ഗൾഫ് ജനസംഖ്യയിൽ 60 ശതമാനവും സൗദിയിലാണ്. സൗദിയിലെ ആകെ ജനസംഖ്യ 34.2 ദശലക്ഷമാണ്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. ഗൾഫ് ജനസംഖ്യയുടെ 17 ശതമാനം യു.എ.ഇയിലാണ്. ഗൾഫ് രാജ്യങ്ങളിൽ ആകെ 29 ദശലക്ഷം വിദേശ തൊഴിലാളികളുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ഗൾഫ് രാജ്യങ്ങളുടെ ആകെ കയറ്റുമതിയിൽ 17.4 ശതമാനവും ചൈനയിലേക്ക് ആണ്. രണ്ടാം സ്ഥാനത്ത് ജപ്പാനും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഗൾഫ് രാജ്യങ്ങളുടെ ആകെ കയറ്റുമതിയിൽ 12.9 ശതമാനം ജപ്പാനിലേക്കും 12.1 ശതമാനം ഇന്ത്യയിലേക്കുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.