തബൂക്ക് - കെട്ടിടത്തിന്റെ മുകളില്‍നിന്ന് മക്കളെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പിതാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ തബൂക്കില്‍ അല്‍നസീം ഡിസ്ട്രിക്ടിലാണ് സംഭവം.
രണ്ടാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞും തീ കൊളുത്തിയും മൂന്നു മക്കളെ കൊലപ്പെടുത്തുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. ഇതിനു ശേഷം താന്‍ ജീവനൊടുക്കുമെന്നും യുവാവ് പറഞ്ഞു.
മക്കളെയും കൂട്ടി ഫഌറ്റിന്റെ ജനല്‍വഴി പുറത്തുകടന്ന് താഴെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ നെയിം ബോര്‍ഡില്‍ കയറി നിന്ന യുവാവിനെ സുരക്ഷാ സൈനികര്‍ അനുനയത്തില്‍ പിന്തിരിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.
എല്ലാവരുടെയും സുരക്ഷ ഉറപ്പക്കി പ്രശ്‌നം കൈകാര്യം ചെയ്യാന്‍ തബൂക്ക് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി പിഞ്ചുകുഞ്ഞുങ്ങളുമായി നെയിം ബോര്‍ഡില്‍ കയറി നിന്ന യുവാവ് നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നു. പട്രോള്‍ പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്റ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. യുവാവ് മനോരോഗിയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.