റിയാദ് - സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് വനിത ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ സ്‌പോൺസർ 2500 ഡോളർ ബാങ്ക് ഗ്യാരന്റി നൽകണമെന്ന നിബന്ധന കേന്ദ്ര സർക്കാർ പിൻവലിച്ചു. കേരളത്തിലെ നോർക്ക-റൂട്ട്‌സ്, ഒഡെപെക് ഉൾപ്പെടെ ആറ് സർക്കാർ ഏജൻസികൾ മുഖേന റിക്രൂട്ട് ചെയ്യുമ്പോൾ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഈ മാസം മുതൽ ഗ്യാരന്റി നൽകേണ്ടതില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
2014 നവംബറിൽ ഒപ്പിട്ട ഇന്ത്യ- സൗദി തൊഴിൽ കരാറിന്റെ ഭാഗമായാണ് സുരക്ഷാ തുകയായി സ്‌പോൺസർ ഇന്ത്യൻ എംബസിയിൽ 2500 ഡോളർ ഗ്യാരന്റിയായി നൽകണമെന്ന വ്യവസ്ഥ നിലവിൽ വന്നത്. 30 വയസ്സ് പൂർത്തിയായിരിക്കണമെന്നും തൊഴിൽ കരാർ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തണമെന്നും എംബസിയിലെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണമെന്നും നിബന്ധനകളുണ്ട്. വനിത ഗാർഹിക തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും സ്‌പോൺസർമാർ നൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് സുരക്ഷ തുകയായി 2500 ഡോളർ എംബസിയിൽ നൽകണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വെച്ചത്. ശമ്പളം ലഭിക്കാതെ തൊഴിലാളി മടങ്ങേണ്ടിവരുമ്പോൾ ഈ ഫണ്ടിൽ നിന്ന് അവർക്ക് മുടങ്ങിയ ശമ്പളം നൽകാൻ എംബസിക്ക് അധികാരമുണ്ടായിരുന്നു.
നോർക്ക-റൂട്ട്‌സ്, ഒഡെപെക്, ചെന്നൈയിലെ ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർപ്രദേശ് ഫൈനാൻഷ്യൽ കോർപറേഷൻ, ഹൈദ്രാബാദിലെ ഓവർസീസ് മാൻപവർ കമ്പനി, തെലുങ്കാന ഓവർസീസ് മാൻപവർ കമ്പനി എന്നീ ഏജൻസികൾക്ക് മാത്രമേ വനിത ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുള്ളൂ. ഈ ഏജൻസികൾ മുഖേന കൊണ്ടുവരുന്നവരുടെ തൊഴിൽ കരാറുകൾ മാത്രമേ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തുകയുമുള്ളൂ.
എന്നാൽ 2500 ഡോളർ സുരക്ഷ തുകക്കെതിരെ സ്‌പോൺസർമാരിൽ നിന്ന് കടുത്ത എതിർപ്പാണ് തുടക്കം മുതലേ ഉണ്ടായിരുന്നത്. ബാങ്ക് ഗ്യാരന്റി എല്ലാ ജിസിസി രാജ്യങ്ങൾക്കും നിർബന്ധമാക്കിയത് കാരണം ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് വൻതോതിൽ കുറഞ്ഞതായി ട്രാവൽ ഏജൻസികൾ അറിയിച്ചിരുന്നു. സൗദി ശൂറ കൗൺസിലും ഈ വിഷയം ചർച്ച ചെയ്തിരുന്നു. സുരക്ഷ തുക നിർബന്ധമാക്കിയതോടെ ചില ജിസിസി രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള വനിത ഗാർഹിത തൊഴിൽവിസ നിർത്തിവെക്കുക വരെ ചെയ്തു.
അതേസമയം ബാങ്ക് ഗ്യാരന്റി ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കർശനമാക്കിയത് അനധികൃത മനുഷ്യക്കടത്ത് വർധിക്കാൻ കാരണമായി. ഇന്ത്യയിലെ ചില നഗരങ്ങളിൽ നിന്ന് വനിതകളെ ദുബായിലും മറ്റും സന്ദർശക വിസയിലെത്തിച്ച് അവിടെ നിന്ന് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്തു സൗദിയലേക്കു കൊണ്ടുവന്ന് സ്‌പോൺസർമാരെ ഏൽപ്പിക്കുന്ന ഏജന്റുമാർ രംഗത്തെത്തി. ഇങ്ങനെ വഞ്ചിക്കപ്പെട്ടവരുടെ പരാതികൾ ഇന്ത്യൻ എംബസിയിലും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നേരിട്ടെത്തിയിരുന്നു. തൊഴിൽ കരാറും പ്രായവും അടക്കമുള്ള റിക്രൂട്ട്‌മെന്റ് വ്യവസ്ഥകളൊന്നും പാലിക്കാതെയായിരുന്നു ഈ മനുഷ്യ കടത്ത്. ഉയർന്ന ശമ്പളവും മാന്യമായ ജോലിയും ഓഫർ ചെയ്താണ് അവരെ ഇവിടെ എത്തിക്കുന്നതെങ്കിലും അതൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. പിന്നീട് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് അവരെ നാട്ടിലെത്തിക്കുന്നത്.