തിരുവനന്തപുരം- സരിത നൽകിയ കത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയതിന് പിന്നിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയാണെന്ന് സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. 21 പേജുള്ള കത്താണ് സരിത എഴുതിയത് എന്നും അത് 25 പേജാക്കി, ചില കൂട്ടിച്ചേർക്കലുകൾ നടത്തിയതിന് പിന്നിൽ ഗണേഷ് കുമാറാണെന്നും ഫെനി ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫെനി ബാലകൃഷ്ണൻ ഇക്കാര്യം ആരോപിച്ചത്.
21 പേജുള്ള കത്താണ് സരിത എഴുതിയത് എന്ന കാര്യം കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ 25 പേജുള്ള കത്ത് ആധികാരികം എന്ന രീതിയിൽ അവതരിപ്പിക്കുകയാണ് സോളാർ കമ്മീഷൻ ചെയ്തത്. ഇത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ഇതിന് പിന്നിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഫെനി ആരോപിച്ചു. ശരണ്യ മനോജാണ് കത്തില്‍ കൂട്ടിചേര്‍ക്കല്‍ നടത്താന്‍ നിര്‍ദ്ദേശിച്ചത്. ലൈംഗീക ആരോപണങ്ങളാണ് കത്തില്‍ കൂട്ടിച്ചേര്‍ത്തത് എന്നും ഫെനി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ പേരില്‍ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചുള്ള സരിതയുടെ കത്ത് വിവാദമായ സഹചര്യത്തിലാണ് വിശദീകരണവുമായി ഫെനി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. സോളാര്‍ കേസിന്‍റെ തുടക്കത്തില്‍ സരിതയുടെ അഭിഭാഷകനായിരുന്നു ഫെനി.