ദമാം - സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി നടപ്പാക്കുമോ എന്നത് സംബന്ധിച്ച സംശയത്തിന് വിരാമമായി. ഒരു കാരണവശാലും ലെവി നടപ്പാക്കുന്നതിൽനിന്ന് പിറകോട്ടില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു. (ആശ്രിത ലെവിയല്ല, വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്താനിരിക്കുന്ന ലെവിയെ പറ്റിയാണ് മന്ത്രിയുടെ വിശദീകരണം). അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കിഴക്കൻ പ്രവിശ്യ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ മേഖലയിൽ സ്വദേശികളുടെയും വിദേശികളുടെയും വേതനം തമ്മിലുള്ള അന്തരം കുറക്കുന്നതിനും നിപുണരും ഉയർന്ന യോഗ്യതകളുള്ളവരെയും റിക്രൂട്ട് ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് വിദേശികൾക്ക് ലെവി ഏർപ്പെടുത്തിയത്. സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്ന 85 ശതമാനം വിദേശികളുടെയും വിദ്യാഭ്യാസ യോഗ്യത സെക്കണ്ടറിയോ അതിനു താഴെയോ ആണ്. 75 ശതമാനം പേർ ഇന്റർമീഡിയറ്റോ അതിനു താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 50 ശതമാനം പേർ വിദ്യാഭ്യാസം കുറഞ്ഞവരാണ്. ഇവർ സ്വന്തം മാതൃഭാഷ പോലും എഴുതാനും വായിക്കാനും അറിയാത്തവരാണ്.
സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഏതാനും പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. നിതാഖാത്ത് പരിഷ്‌കരിക്കൽ, സ്വകാര്യ സ്ഥാപനങ്ങളുടെ പദവി ശരിയാക്കൽ കാമ്പയിൻ, സ്വതന്ത്ര തൊഴിൽ പദ്ധതി, പാർട് ടൈം തൊഴിൽ പദ്ധതി, വിദൂര തൊഴിൽ പദ്ധതി, സൗദിവൽക്കരണത്തിനുള്ള ധനസഹായ പദ്ധതികൾ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനും കുട്ടികളെ പരിചരിക്കുന്നതിനും ധനസഹായം നൽകുന്ന പദ്ധതികൾ എന്നിവ ഇക്കൂട്ടത്തിൽ പെട്ടതാണ്. സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
Read more
നിതാഖാത്തിൽ പുനരാലോചന വന്നേക്കും
തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 17 ശതമാനമായി ഉയർന്നിട്ടുണ്ട്. 2020 ഓടെ വനിതാ പങ്കാളിത്തം 25 ശതമാനമായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. സർക്കാർ മേഖലയിൽ വനിതാ ജീവനക്കാർ 43 ശതമാനമാണ്. സ്വകാര്യ മേഖലയിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏതാനും പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൻ ഇൻഷുറൻസ് വരിസംഖ്യയുടെ 20 ശതമാനം മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതിക്ക് മാനവശേഷി വികസന നിധി തുടക്കമിട്ടിട്ടുണ്ട്.
ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് 65 ശതമാനമായും പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി ആകെ പെട്രോളിതര ഉൽപാദനത്തിന്റെ 50 ശതമാനമായും ഉയർത്തുന്നതിന് ലക്ഷ്യമിടുന്നു. തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനാണ് ശ്രമം. സ്വദേശിവൽക്കരണ ശ്രമങ്ങളുമായി സ്വകാര്യ മേഖല വലിയ തോതിൽ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.