Sorry, you need to enable JavaScript to visit this website.

നിതാഖാത്തിൽ പുനരാലോചന വന്നേക്കും

റിയാദ് - കൂടുതൽ സൗദി പൗരൻമാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലക്ഷ്യമിട്ട് ആരംഭിച്ച നിതാഖാത്ത് പദ്ധതിയിൽ പുനരാലോചന നടന്നേക്കുമെന്ന് സൂചന. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സുപ്രീം കമ്മിറ്റി അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ മേഖലയിൽ സൗദികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച നിതാഖാത്ത് മുൻ വർഷങ്ങളിൽ വൻ പരാജയമായിരുന്നു. 2015 ആദ്യ പാദത്തിൽ 71,000 സൗദികൾക്ക് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചു. എന്നാൽ രണ്ടാം പാദത്തിൽ തൊഴിൽ ലഭിച്ചവരുടെ എണ്ണം 35,000 ആയി കുറഞ്ഞു. മൂന്നാം പാദത്തിൽ 14,000 പേർക്കും നാലാം പാദത്തിൽ 26,000 സൗദികൾക്കും സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചു. എന്നാൽ കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 5,000 പേരുടെയും രണ്ടാം പാദത്തിൽ 10,000 പേരുടെയും മൂന്നാം പാദത്തിൽ 27,000 പേരുടെയും കുറവുണ്ടായി. 

സൗദിവൽക്കരണ പദ്ധതികൾ ലക്ഷ്യം പിഴക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് മുൻ തൊഴിൽ മന്ത്രിയെ പദവിയിൽനിന്ന് നീക്കം ചെയ്തത്. സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്ന സൗദികളുടെ എണ്ണം കുത്തനെ കുറഞ്ഞതും വ്യവസായികളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിന് നിരവധി സ്ഥാപനങ്ങളെ പച്ചയിലേക്ക് മാറ്റിയതുമാണ് മന്ത്രിയുടെ സ്ഥാനചലനത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യവസ്ഥകളിൽ ഇളവുകൾ വരുത്തി നിരവധി സ്ഥാപനങ്ങളെ പച്ചയിലേക്ക് മാറ്റിയത് സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വിഘാതമായി. 2014 അവസാനത്തിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 84.7 ലക്ഷമായി ഉയർന്നു. 2013 അവസാനത്തെ അപേക്ഷിച്ച് 2014 ൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2,58,600 പേരുടെ വർധനവുണ്ടായി. സൗദിവൽക്കരണ പദ്ധതി പരാജയപ്പെട്ടതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

Read more: തൊഴിലാളികളുടെ ലെവി നടപ്പാക്കുക തന്നെ ചെയ്യും - മന്ത്രി

നിരവധി നിയമ ലംഘനങ്ങളും അധികാര ദുർവിനിയോഗങ്ങളും അഴിമതികളും കണ്ടെത്തിയതിനെ തുടർന്നാണ് മുൻ തൊഴിൽ മന്ത്രിയെ അറസ്റ്റ് ചെയ്തത്. നിതാഖാത്തുമായി ബന്ധപ്പെട്ട കൃത്രിമങ്ങൾ കൂടി അഴിമതി വിരുദ്ധ കമ്മിറ്റി അന്വേഷിച്ചേക്കും. ഇത് പ്രവാസികളെ എങ്ങിനെ ബാധിക്കുമെന്നത് കണ്ടറിയണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ചില മേഖലകളിൽ നിതാഖാത്തിന്റെ തോതിലും ചില മാറ്റങ്ങൾ വന്നേക്കുമെന്നാണ് സൂചന. ഏതായാലും പ്രവാസികൾ ഏറെ ആകാംക്ഷയോടെയാണ് നിതാഖാത്ത് പദ്ധതിയിലെ പുനരാലോചനയെ നോക്കികാണുന്നത്. 

Latest News