തിരുവനന്തപുരം- അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്‌മോർട്ടം റിപ്പോർട്ട്. വൈകീട്ട് ആറുമണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്്‌മോർട്ടം. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
അനിൽ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമായതിനാൽ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കായംകുളം പോലീസിനെ സമീപിക്കുകയായിരുന്നു. രാവിലെ സുഹൃത്തുക്കൾക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെയാണ് അനിൽ തലകറങ്ങി വീഴുന്നത്. തുടർന്ന് ബന്ധുക്കൾ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.