കൊച്ചി- കോൺഗ്രസ്-വെൽഫെയർ പാർട്ടി ധാരണ ക്രിസ്തീയ വോട്ടുകൾ നഷ്ടമാക്കിയെന്ന് കത്തോലിക്ക സഭാ മുഖപത്രം. എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖമാസികയായ സത്യദീപമാണ് വിമർശനം ഉന്നയിച്ചത്. ക്രിസ്ത്യൻ വോട്ടുകളിലുണ്ടായ വിള്ളൽ ജോസ് കെ. മാണിയുടെ നിലപാട് മാറ്റത്തിലൂടെ സംഭവിച്ചതല്ലെന്നും ലേഖനത്തിലുണ്ട്. തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ കടിഞ്ഞാൺ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങൾക്ക് നൽകി യു.ഡി.എഫ് ഒഴിഞ്ഞുമാറുകയും പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെയും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പതിവ് സ്ഥാനാർത്ഥി നിർണയത്തിലൂടെയും അനുകൂലമായ രാഷ്ട്രീയാവസരത്തെ പരമാവധി പരാജയപ്പെടുത്തുകയും ചെയ്തുവെന്നും ലേഖനത്തിലുണ്ട്. കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളിൽ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നത് വാസ്തവമാണ്.
ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ്സ് പൂർണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണം ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോൾ യു.ഡി.എഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂർണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപത്രം വ്യക്തമാക്കുന്നു.