റിയാദ്- അഴിമതി വിരുദ്ധ പോരാട്ടത്തിൽ സൗദിയിൽ ആർക്കും പ്രത്യേക പരിരക്ഷയില്ലെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ. അമേരിക്കയിലെ സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
രാജകുമാരനും മന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥനും അഴിമതി കേസിൽനിന്ന് പരിരക്ഷ ലഭിക്കില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി വിരുദ്ധ പോരാട്ടം നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കും. അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഭീകരതയും തീവ്രവാദവും വെച്ചുപൊറുപ്പിക്കില്ല എന്ന നയവും രാജ്യം ഏറ്റെടുത്തിട്ടുണ്ട്. പൊതുമുതൽ കട്ടുമുടിച്ച എല്ലാവരോടും കണക്കു ചോദിക്കും. ഖജനാവിൽനിന്ന് പണം കവർന്നത് ജനക്ഷേമം ലക്ഷ്യമാക്കി നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശേഷി ഇല്ലാതാക്കി. പൊതുമുതൽ കവരുന്നവർക്കെരെ കടുത്ത നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകർക്ക് ഇപ്പോൾ സൗദിയിലെത്തി തുല്യാവസരങ്ങൾ പ്രയോജനപ്പെടുത്തി മത്സരിക്കുന്നതിന് സാധിക്കും. അഴിമതി വിരുദ്ധ പോരാട്ടം ഏറെ പ്രധാനമാണ്. രണ്ടു വർഷത്തിനിടെ വലിയ തോതിലുള്ള മാറ്റങ്ങൾക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. ജനങ്ങൾക്ക് സാധാരണ ജീവിതം നയിക്കാനുതകുന്ന സാഹചര്യം ഒരുങ്ങുന്നതിന് മിതവാദ ഇസ്‌ലാമിനു വേണ്ടിയാണ് സൗദി അറേബ്യ പ്രവർത്തിക്കുന്നത്.
തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ മൂലം ലെബനോനിൽ സ്ഥിതിഗതികൾ വഷളായിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് ഹിസ്ബുല്ല ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത്. ലെബനോൻ ഗവൺമെന്റിനെ ഹിസ്ബുല്ല ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലെബനോനു മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് ഇറാന്റെ കൈകളിലെ ഉപകരണമായി ഹിസ്ബുല്ല മാറിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി സഅദ് അൽഹരീരി നടപ്പാക്കുന്നതിന് ശ്രമിച്ച മുഴുവൻ പദ്ധതികൾക്കും മുന്നിൽ ഹിസ്ബുല്ലയും ഇറാനും പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. സായുധ മിലീഷ്യകളെ ഹിസ്ബുല്ല നിലനിർത്തുകയാണ്. സിറിയയിലും യെമനിലും ഇടപെടുന്നതിനും ഹിസ്ബുല്ലയെ ഇറാൻ ഉപയോഗിക്കുന്നു. ഇറാനു വേണ്ടി മറ്റു രാജ്യങ്ങളിൽ ഹിസ്ബുല്ല ഇടപെടുകയും ചെയ്യുന്നു.
തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനുള്ള താവളമാക്കി ലെബനോനെ മാറ്റാൻ സൗദി അറേബ്യ അനുവദിക്കില്ല. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങളാണ് ലെബനോനിലെ സ്ഥിതിഗതികൾ വഷളാക്കിയത്. ഹിസ്ബുല്ല മിലീഷ്യകളുടെ ആയുധങ്ങൾ സർക്കാറിന് കൈമാറേണ്ടത് നിർബന്ധമാണ്. സർക്കാർ സ്ഥാപനങ്ങൾക്കു പുറത്ത് സായുധ മിലീഷ്യകളുടെ സാന്നിധ്യം വകവെച്ചുകൊടുക്കാനാവില്ല. ലെബനോനിൽ ഹിസ്ബുല്ലയുടെ സ്വാധീനത്തിന് തടയിടുന്ന മാർഗങ്ങൾ കണ്ടെത്തണം. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ഹിസ്ബുല്ലക്കു മേൽ സമ്മർദം ചെലുത്തുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഹിസ്ബുല്ലയെ തങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലേക്ക് ആയുധങ്ങൾ കടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹിസ്ബുല്ലയാണ്. മയക്കുമരുന്ന് വ്യാപാരം, പണം വെളുപ്പിക്കൽ പോലുള്ള കുറ്റകൃത്യങ്ങളിൽ അവർക്ക് പങ്കുണ്ടെന്ന് ആദിൽ ജുബൈർ പറഞ്ഞു.
ഹിസ്ബുല്ലയുടെ സൈനിക, രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. ലെബനോൻ ജനത നിരപരാധികളാണ്. എന്നാൽ അവർ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണ്. ഹിസ്ബുല്ലയുടെ നിയന്ത്രണത്തിൽനിന്ന് ലെബനോൻ ജനതയെ രക്ഷപ്പെടുത്താൻ സഹായിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തണം. ഹിസ്ബുല്ലയെ കൂടുതൽ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ നിർണയിക്കുന്നതിന് സഖ്യരാജ്യങ്ങളുമായി കൂടിയാലോചന നടത്തും.
ഭീകരതക്ക് പിന്തുണ നൽകുന്ന ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട യു.എൻ തീരുമാനങ്ങൾ ലംഘിക്കുന്നതിനും ഇറാനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണം. ആണവ കരാർ വ്യവസ്ഥകൾ ഇറാൻ കണിശമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര ആണവോർജ ഏജൻസി നടപടിയെടുക്കണം. ഭീകരതക്ക് പിന്തുണ നൽകുന്നതിന്റെയും ബാലിസ്റ്റിക് മിസൈൽ നവീകരണ പദ്ധതിയുടെയും ഉത്തരവാദിത്വം ഇറാനു മേൽ ചുമത്തണം.
നിയമത്തിന് പുറത്തുപോയ രാജ്യമാണ് ഇറാൻ. അവർ ഭീകരത സ്‌പോൺസർ ചെയ്യുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്നു. അൽഖാഇദയുമായും അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിനുമായും തൊണ്ണൂറുകൾ മുതൽ ഇറാന് ബന്ധമുണ്ട്. 2002 ൽ അൽഖാഇദ നേതാക്കൾ കൂട്ടത്തോടെ ഇറാനിലേക്ക് രക്ഷപ്പെട്ടു. അന്നു മുതൽ ഇറാൻ താവളമാക്കി സൗദി അറേബ്യയെയും മറ്റു രാജ്യങ്ങളെയും ലക്ഷ്യമിട്ട് അൽഖാഇദ ആക്രമണങ്ങൾ ആരംഭിച്ചു. സൗദിയിലെ മൂന്നു റെസിഡൻഷ്യൽ കോമ്പൗണ്ടുകൾക്കു നേരെ ചാവേറാക്രമണങ്ങൾ നടത്തുന്നതിനുള്ള ഉത്തരവുകൾ വന്നത് ഇറാനിൽ നിന്നാണ്. ഇറാനിൽ 12 രാജ്യങ്ങളുടെ എംബസികൾ ആക്രമിക്കപ്പെട്ടു. ഏതാനും സൗദി നയതന്ത്ര ഉദ്യോഗസ്ഥരടക്കം ലോകത്തെങ്ങും നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാൻ വധിച്ചു. യൂറോപ്പിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലും മിഡിൽ ഈസ്റ്റിലും ഇറാൻ ഭീകരാക്രമണങ്ങൾ നടത്തി. സിറിയയിലേക്ക് ഇറാൻ മിലീഷ്യകളെ അയക്കുകയാണ്. ഇറാഖിലും അവർ ഇടപെടുന്നു. ബഹ്‌റൈനിലേക്ക് ഇറാൻ ആയുധങ്ങൾ കടത്തുന്നു. യെമനിൽ ഹൂത്തികൾക്ക് പിന്തുണയും സഹായവും നൽകുന്നു. ലോകത്തെവിടെയും തീർത്തും നിഷേധാത്മകമായ പങ്കാണ് ഇറാൻ വഹിക്കുന്നത്. 1979 ൽ ഖുമൈനി വിപ്ലവം ആരംഭിച്ചതു മുതൽ വിറളി പിടിച്ച നിലയിലാണ് ഇറാൻ. അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ വിട്ടുനിൽക്കുകയും ചെയ്യാത്ത കാലത്തോളം ഇറാനുമായി മറ്റുള്ളവർക്ക് സഹകരിക്കുന്നതിന് സാധിക്കില്ലെന്നും ആദിൽ ജുബൈർ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലെബനോനിലേക്ക് തങ്ങളുടെ പൗരന്മാർ പോകുന്നത് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും കുവൈത്തും വിലക്കിയിട്ടുണ്ട്. ലെബനോനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം മടങ്ങുന്നതിനും നാലു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.