മക്ക- തീർഥാടകാരുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തി മസ്ജിദുൽ ഹറാമിലെ 150 ഓളം വാതിലുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഇരുഹറം കാര്യാലയത്തിന്റെ നിർദേശം അനുസരിച്ച് ഹറം ഡോർസ് ഡിപ്പാർട്ട്‌മെന്റ് ആണ് അറ്റകുറ്റപ്പണി നടത്തിയത്. വാതിലുകൾ ദിനേന കഴുകുക, അണുവിമുക്തമാക്കുക, ദൈനംദിന അറ്റകുറ്റപ്പണികൾ നടത്തുക എന്നീ കാര്യങ്ങളിലും ഡോർസ് ഡിപ്പാർട്ട്‌മെന്റ് ശ്രദ്ധ ചെലുത്തുമെന്നും മേധാവി ഫഹദ് അൽജുഐദ് പറഞ്ഞു.
തുരുമ്പ് വരാത്ത ലായനികൾ ഉപയോഗിച്ചായിരിക്കും ദിവസേന വാതിലുകൾ കഴുകുക. കൂടാതെ, ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ലോകോത്തര ഗുണനിലവാരവുമുള്ള മികച്ച വസ്തുക്കളും ഉപയോഗിച്ച് വാതിലുകളുടെ സുരക്ഷയും ഗുണനിലവാരവും നിലനിർത്താനും പദ്ധതിയുണ്ട്. പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ഫീൽഡ് സൂപ്പർവൈസറി ടീമിനെയും നിയോഗിക്കും.
വാതിലുകൾ തുറക്കുമ്പോഴും അടക്കുമ്പോഴുമുള്ള കുഴപ്പങ്ങൾ പരിഹരിച്ചതായും ലോക്കുകൾ, താക്കോലുകൾ, വിജാഗിരികൾ, കൊളുത്തുകൾ എന്നിവയെല്ലാം പ്രവർത്തന ക്ഷമത ഉറപ്പു വരുത്തിയതായും അൽജുഐദ് വ്യക്തമാക്കി.