മക്ക- ഹജ്, ഉംറ സംവിധാനം വികസിപ്പിക്കാനും മക്കയെ ഒരു സ്മാർട്ട് സിറ്റിയാക്കി മാറ്റാനുമായി ആശയങ്ങൾ കണ്ടെത്തുന്നതിനുള്ള നീക്കവുമായി കിംഗ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (കൗസാറ്റ്). നിലവിൽ മക്കയിൽ നടന്നുവരുന്ന കൾച്ചറൽ ഫോറവുമായി സഹകരിച്ചാണ് പുതിയ നീക്കം. പദ്ധതിക്ക് ഒരു മില്യൺ റിയാൽ ചെലവ് വരുമെന്നാണ് നിഗമനം.
സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകാനും രാജ്യത്തിന്റെ സാമൂഹിക അഭിവൃദ്ധി വർധിപ്പിക്കാനുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ, ആരോഗ്യ സംരക്ഷണം, ഗതാഗതം, എന്നീ മേഖലകളിലും പദ്ധതി ഊന്നൽ നൽകും. ഇതിനായി, ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അവരുടെ ശാസ്ത്രീയവും സാങ്കേതികവുമായ നിർദേശങ്ങൾ പങ്കുവെക്കുന്നതിനുമായി വിവിധ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പ്രതിഭകളുടെ കൂട്ടായ്മ രൂപീകരിക്കും. മികച്ച നിർദേശങ്ങൾ അവതരിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഭാവന ചെയ്ത 'വിഷൻ 2030' സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും കൈകോർക്കണമെന്നും കൗസാറ്റ് അധികൃതർ അറിയിച്ചു.