Sorry, you need to enable JavaScript to visit this website.

സി.പി.എം വെറുതെ വിടില്ല; കുഞ്ഞാലിക്കുട്ടിയെ ചൊല്ലി ലീഗ് ഗ്രൂപ്പുകളില്‍ ചര്‍ച്ച സജീവം

കോഴിക്കോട്- കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജി വെക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും ലീഗണികള്‍ക്കിടയില്‍ ചര്‍ച്ച സജീവം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ചര്‍ച്ച നടക്കുന്നത്.

കുഞ്ഞാലിക്കുട്ടിക്ക് പകരം വെക്കാന്‍ സംസ്ഥാനത്ത് ലീഗില്‍ മറ്റൊരു നേതാവില്ലെന്നിരിക്കെ ഏറ്റവും അനിവാര്യമായ ഈ ഘട്ടത്തില്‍ അദ്ദേഹം ഇവിടെ വേണമെന്നാണ് അനുകൂലിക്കുന്നവരുടെ പ്രധാന വാദം. പാര്‍ട്ടിക്ക് വേരുള്ള കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ ഭരണ പങ്കാളിത്തം ഉറപ്പുവരുത്തണമെങ്കില്‍ അതിന് കെല്‍പുള്ള നേതാക്കള്‍ വേണം. ദേശീയ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടി തുടരുമ്പോള്‍ തന്നെ കേരള നിയമസഭയില്‍ ഉണ്ടാവുന്നതാണ് പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമാകുകയെന്ന വാദമാണ് ഉയരുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുഞ്ഞാലിക്കുട്ടിയുടെ സേവനം ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ലോക്‌സഭാംഗത്വം രാജി വെക്കുന്നത് എന്തിനാണെന്നാണ് എതിര്‍ക്കുന്നവരുടെ ചോദ്യം. പാര്‍ലിമെന്റില്‍ അംഗമായിരിക്കെ തന്നെ കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിയും. അദ്ദേഹത്തിന് സംസ്ഥാനത്താകെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുക നിയസഭയിലേക്ക് സ്ഥാനാര്‍ഥിയല്ലാതിരിക്കുമ്പോഴാണ്.

ലോക്‌സഭാംഗത്വം രാജി വെച്ചതിന് പാര്‍ട്ടിക്ക് സ്വന്തം ന്യായീകരണം ആവാമെങ്കിലും വോട്ടര്‍മാരുടെ ചോദ്യത്തിന് എന്തു മറുപടി പറയുമെന്നാണ് എതിര്‍ക്കുന്നവരുടെ പ്രധാന ചോദ്യം. രാജ്യത്തിന്  മുമ്പിലെ ഏറ്റവും വലിയ ഭീഷണിയായ ഫാഷിസത്തെ ചെറുക്കുന്നതിനാണ് ലീഗിലെ ഏറ്റവും കരുത്തനെ തന്നെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയച്ചത്. അത് രാജി വെച്ചൊഴിയുമ്പോള്‍ ജനത്തിന് ബോധ്യമാവുന്ന മറുപടി നല്‍കേണ്ടതുണ്ട്.

ഈ ചോദ്യം സ്വാഭാവികമായും ഇടതുപക്ഷവും മറ്റു തല്‍പര കക്ഷികളും ഉയര്‍ത്തിയാല്‍ രണ്ടു വോട്ട് ചെയ്യേണ്ടിവരുന്ന വോട്ടര്‍മാര്‍ ഒരുവോട്ട് മാറ്റി കുത്തിയാല്‍ അത്ഭുതപ്പെടേണ്ടെന്ന് 2004ലെ മഞ്ചേരിയിലെ തോല്‍വി ചൂണ്ടിക്കാട്ടി ചോദിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വലിയ വോട്ട് ചോര്‍ച്ചയുണ്ടായത് ഓര്‍മ വേണം. മലപ്പുറം ജില്ലയിലാകെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ വിശേഷിച്ചും ഇതിന്റെ പേരില്‍ പ്രതിരോധത്തിലാകേണ്ടിവരും. മറ്റൊന്ന് കുഞ്ഞാലിക്കുട്ടിക്ക് പകരം അതിനേക്കാള്‍ മികച്ച ഒരാളെ ലോക്‌സഭാ സ്ഥാനാര്‍ഥിയായി കണ്ടെത്തേണ്ടതായും വരും. ഇ.അഹമ്മദിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ വിഷമിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടി ആ സ്ഥാനം ഏറ്റെടുത്തത്.

കുഞ്ഞാലിക്കുട്ടിയെ നിയമസഭയില്‍ ആവശ്യമുണ്ടെന്ന് ഇപ്പോള്‍ പറയുന്നവര്‍ക്ക് ഒരു വര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരാളെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാമായിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് സി.പി.എമ്മിന്റെ രാഷ്ട്രീയ കുത്സിത നീക്കത്തിന് സഹായം ചെയ്തു കൊടുക്കലാകുമെന്നും ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ്.സര്‍ക്കാറില്‍ പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമെന്ന് വരെ പ്രചാരണം നടത്തുന്നത് ശത്രുക്കളാണ്.

ഉപമുഖ്യമന്ത്രി പദം അടക്കം യു.ഡി.എഫിന്റെ കടിഞ്ഞാണ്‍ മുസ്‌ലിംലീഗിന്റെ കൈയിലാകുമെന്ന പ്രചാരണമാണ് സി.പി.എം. നടത്തുന്നത്. ഹസന്‍-കുഞ്ഞാലിക്കുട്ടി- അമീര്‍ എന്നിവരാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന കോടിയേരിയുടെ പ്രസ്താവനയും കോണ്‍ഗ്രസിന്റെകാര്യങ്ങള്‍ തീരുമാനിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനവും ലീഗിനെ ചൂണ്ടിക്കാട്ടി മറ്റുസമുദായങ്ങളെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്.

മുസ്‌ലിംലീഗില്‍ കുഞ്ഞാലിക്കുട്ടിയല്ലാതെ നേതാവില്ലെന്നതും യു.ഡി.എഫില്‍ പ്രശ്‌ന പരിഹാരകനായി കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്നതും നേരായിരിക്കുമ്പോള്‍ തന്നെ കേരളീയ പൊതു സമൂഹത്തിന് കുഞ്ഞാലിക്കുട്ടി  പ്രിയംകരനല്ലെന്നത് എതിര്‍ക്കുന്നവര്‍ പറയുന്നു. 2011ല്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം നന്നെ കുറഞ്ഞുപോകാനിടയായത് പി.കെ.കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപ്പിള്ളയെയും മുന്നില്‍ നിര്‍ത്തിയുള്ള വി.എസ്. അച്യുതാനന്ദന്റെ പ്രചാരണമായിരുന്നു. മുസ്‌ലിം സ്വാധീന മേഖലയില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ പ്രചാരണം ലീഗിന് ഗുണകരമായപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ ദോഷം ഉണ്ടാക്കി. വര്‍ഗീയത മണക്കുന്ന ഇതേ പ്രചരണത്തിനാണ് സി.പി.എം.കോപ്പു കൂട്ടുന്നതെന്ന് വ്യക്തമായിരിക്കെ ലീഗ് അല്പം പുറകോട്ട് മാറി തെരഞ്ഞെടുപ്പിനെ നേരിട്ട് മുന്നണിക്ക് ജയിച്ചു വരാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാംഗത്വം പോലും രാജി വെപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ കൊണ്ടുവരുന്നത് അധികാരം കൈപിടിയിലൊതുക്കാനാണെന്ന ധാരണ പരത്താന്‍ ഒരുങ്ങിയിരിക്കുകയാണ് സി.പി.എം. മധ്യ തെക്കന്‍ കേരളം കൈടിപടിയിലൊതുക്കാനുള്ള ഈ ഒറ്റ മൂലി കൈവിട്ടുപോകാതിരിക്കാനാണ് വലിയ കാടിളക്കലിന് സി.പി.എം.ഇപ്പോള്‍ മുതിരാത്തത്. ലോക്‌സഭാംഗത്വം കുഞ്ഞാലിക്കുട്ടി രാജി വെക്കുന്നതോടെ പ്രചാരണ മുഖം തെളിയും.

മുന്നാക്ക സംവരണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗിന്റെ സ്വാധീനം വര്‍ധിക്കുന്നതിനെ അപകടമായി കാണുന്നത് ക്രിസ്ത്യന്‍ സഭാ നേതൃത്വമാണ്. അവര്‍ക്ക് വിശ്വസിക്കാവുന്ന ഉമ്മന്‍ ചാണ്ടി  മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പൂര്‍ണമായി വന്നിട്ടില്ല. ക്രിസ്ത്യന്‍ സമുദായ നേതൃത്വത്തിന്റെ ഈ ചിന്തയെ മുതലെടുക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. മുസ്‌ലിംലീഗിനും നേതാക്കള്‍ക്കും എതിരെ കൂടുതല്‍ സംസാരിക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുമ്പോള്‍ തന്നെ നേരത്തെ പ്രഖ്യാപിച്ച പോലെ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കുകയും ചെയ്യുന്നില്ല.

2016ലെ തെരഞ്ഞെടുപ്പില്‍ വി.എസിനെ മുന്നില്‍ നിര്‍ത്തുകയും ജയിച്ചപ്പോള്‍ അധികാരം കൈപിടിയിലൊതുക്കുകയും ചെയ്ത പിണറായി വിജയനെയാണ് മുസ്ലിംലീഗ് കണ്ടുപഠിക്കേണ്ടതെന്ന് എതിര്‍പ്പുകാര്‍ ചൂണ്ടാക്കാട്ടുന്നു.
പാര്‍ട്ടി ദേശീയ സമിതിയുടെ അംഗീകാരം കൂടി നേടി ലോക്‌സഭാംഗത്വം രാജി വെക്കാന്‍ കുഞ്ഞാലിക്കുട്ടി ഒരുങ്ങുമ്പോഴാണ് അണികള്‍ക്കിടയില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച ശക്തമാകുന്നത്.

 

 

Latest News