മലപ്പുറം- സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഇർഷാദിന്‍റെ (25) മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽനിന്നാണ് ഞായറാഴ്ച മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. പരിശോധനക്കായി ഇവ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കിണറ്റില്‍ വലിയ അളവിൽ മാലിന്യമുണ്ടായതിനാലാണ് മൃതദേഹം കണ്ടെത്താൻ വൈകിയത്. പൊലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍നിന്ന് മാലിന്യം നീക്കിയാണ് തിരച്ചിൽ നടത്തിയത്. ശനിയാഴ്ച ഒമ്പതുമണിക്കൂർ തെരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
വട്ടംകുളം അധികാരത്ത്പടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (28) എന്നിവരാണ് കേസിലെ പ്രതികൾ. ജൂൺ 11ന് വൈകീട്ട് പന്താവൂരിലെ വീട്ടിൽനിന്ന് ബിസിനസ് ആവശ്യാർഥമെന്ന് പറഞ്ഞ് പുറത്തുപോയ ഇർഷാദിനെ പ്രതികൾ വട്ടംകുളത്തെ വാടകവീട്ടിൽ കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു.
ഇർഷാദിന്‍ പക്കലുണ്ടായിരുന്ന മൂന്നുലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു കൊലപാതകം. നാല് കിലോമീറ്ററോളമകലെയുള്ള പൂക്കരത്തറയിലേക്ക് ചാക്കിലാക്കിയ മൃതദേഹം കാറിലാണ് കൊണ്ടുപോയിരുന്നത്.