കൊച്ചി- ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഈ മാസം അഞ്ചിന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫറൻസിലൂടെ രാഷ്ട്രത്തിന് സമർപ്പിക്കും. 'ഒരു രാജ്യം ഒരു വാതക ഗ്രിഡ് 'രൂപീകരണത്തിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. കർണാടക, കേരള ഗവർണർമാരും മുഖ്യമന്ത്രിമാരും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിയും പങ്കെടുക്കും.
450 കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതി വാതക പൈപ്പ് ലൈൻ ഗെയിൽ ഇന്ത്യ ലിമിറ്റഡാണ് നിർമ്മിച്ചത്. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വാഹക ശേഷിയുള്ളതാണ് പൈപ്പ് ലൈൻ. കൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിൽ നിന്നും കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിലുള്ള മംഗളൂരുവിലേയ്ക്കാണ് പ്രകൃതിവാതകം കൊണ്ടുപോകുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ ആണ് പ്രകൃതിവാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഏകദേശം 3000 കോടി രൂപ ചെലവു വന്ന പ്രകൃതി വാതക പൈപ്പ് ലൈൻ, 12 ലക്ഷത്തോളം മനുഷ്യ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. കടന്നു പോകുന്ന പാതയിൽ നൂറിലധികം പ്രദേശത്ത് ജലസ്രോതസ്സുകളെ മുറിച്ചു കടക്കണം എന്നതിനാൽ പൈപ്പ് ലൈൻ സ്ഥാപിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ പ്രവർത്തനമായിരുന്നു. ഹൊറിസോണ്ടൽ ഡയറക്ഷനൽ ഡ്രില്ലിങ് എന്ന പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.
വീട്ടാവശ്യത്തിന്, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതക ഇന്ധനവും, ഗതാഗത മേഖലയ്ക്ക് സി.എൻ.ജി രൂപത്തിലും ഈ പൈപ്പ് ലൈനിലൂടെ ഇന്ധനം ലഭ്യമാക്കും. പൈപ്പ്‌ലൈൻ കടന്നുപോകുന്ന ജില്ലകളിൽ വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പ്രകൃതിവാതകവും നൽകും. പ്രകൃതിവാതകം പോലെ ശുദ്ധമായ ഊർജ്ജ ഉപയോഗം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും അതുവഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.