താമരശേരി- കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് ാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. നിലവില്‍ പിജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡീസ് സെന്റര്‍ വൈസ് ചെയര്‍മാനാണ് അപു ജോണ്‍ ജോസഫ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചിരുന്നത്. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ ഈ സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിച്ചേക്കും. എന്നാല്‍ പേരാമ്പ്രക്ക് പകരം തിരുവമ്പാടി ചോദിക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. നിലവില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടി വിട്ടു കിട്ടിയാല്‍ അപുവിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ ശ്രമം. കോഴിക്കോട് ജില്ലാ പ്രസിഡണ്ടിന്റെയും വനിതാ നേതാവിന്റെ പേരും സജീവമായി പരിഗണനയിലുണ്ട്.കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനു വലിയ സ്വാധീനമുണ്ട്. കെഎം മാണിയുടെ മകന്‍ ജോസ് കെ മാണി, ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ്, ബാലകൃഷ്ണപ്പിള്ളയുടെ മകന്‍ ഗണേഷ്‌കുമാര്‍, പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, കെഎം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ നിരയിലേക്കാണ് അപു ജോണ# ജോസഫിന്റെ വരവ്.