തായിഫ്- കൊലപാതകമടക്കം വിവിധ കേസുകളിലായി തായിഫ് സെൻട്രൽ ജയിലിൽ മോചനം കാത്ത് കഴിയുന്നത് ആറ് മലയാളികളടക്കം 31 ഇന്ത്യക്കാർ. ഇവരിൽ, ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനക്കിടെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതാണെന്ന് സ്ഥിരീകരിക്കപ്പെട്ട ഒരു മലയാളി നഴ്‌സുമുണ്ട്.
തായിഫ് സെൻട്രൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് അറിയുന്നതിന് തായിഫിലെത്തിയ വൈസ് കോൺസൽ മോയിൻ അക്തർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് ഫൈസൽ എന്നിവർ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ജയിൽ മേധാവിയുമായി കോൺസുലർ സംഘം വിശദമായി കൂടിക്കാഴ്ച നടത്തി. കോൺസുലേറ്റ് വെൽഫെയർ അംഗങ്ങളായ മുഹമ്മദ് സാലി, ജമാൽ വട്ടപ്പൊയിൽ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. തടവിലായ മലയാളികളിൽ മൂന്ന് പേർ മദ്യവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടുന്നവരാണ്. മറ്റുള്ളവരിൽ ഒരാൾ വാഹനാപകട കേസിലും മറ്റൊരാൾ പണം വെളുപ്പിക്കൽ കേസിലും പ്രതികളാണ്. ഉത്തർപ്രദേശിൽ നിന്നുള്ള 14 പേർ വിവിധ കേസുകളിൽ തടവിൽ കഴിയുന്നു. ഇതിൽ മുഹമ്മദ് ബിലാൽ കൊലപാതക കേസുമായി ബന്ധപ്പെട്ട് നാല് വർഷമായി തടവിൽ കഴിയുന്നു. കോടതി വിധിച്ച ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തടവിൽ കഴിയുന്ന മുഹമ്മദ് ബിലാൽ വൈകാതെ മോചിതനാകുമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്ന് പേരും നാല് തെലങ്കാന സ്വദേശികളും കർണാടക, ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ട് പേരും വിവിധ കേസുകളിൽ തടവിൽ കഴിയുന്നു. സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് കോൺസുലർ സംഘം പറഞ്ഞു.