റിയാദ് - അൽഖസീം പ്രവിശ്യയിൽ പെട്ട ബുറൈദ നിവാസിയായ സൗദി യുവാവ് അബ്ദുല്ല തന്റെ വീട്ടിൽ ജോലി ചെയ്യുന്ന മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ച് മലയാളം പഠിച്ചത് കൗതുകവും വിസ്മയവുമാകുന്നു. മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ച് താൻ മലയാളം പഠിച്ചതിന്റെ അനുഭവകഥ അൽഇഖ്ബാരിയ ചാനൽ പരിപാടിയിൽ പങ്കെടുത്ത് സൗദി യുവാവ് വിശദീകരിച്ചു. അറബി വാക്കുകൾക്ക് മലയാളത്തിലുള്ള തത്തുല്യ പദങ്ങൾ പതിവായി മലയാളി ഡ്രൈവർ ഉപയോഗിച്ചതിലൂടെയാണ് താൻ മലയാളം വശമാക്കിയതെന്ന് അബ്ദുല്ല പറയുന്നു.
ഡ്രൈവറെ അറബി പഠിപ്പിക്കൽ ഏറെ ദുഷ്‌കരമായിരുന്നു. താൻ ഓരോ തവണ അറബി വാക്കുകൾ പറയുമ്പോഴും സമാന അർഥത്തിൽ മലയാളത്തിലാണ് ഡ്രൈവർ മറുപടി നൽകിയിരുന്നത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും നേരിയ പരിജ്ഞാനമുണ്ട്. റോഡുകളിൽ വെച്ചും മറ്റും കണ്ടുമുട്ടുന്ന ഇന്ത്യക്കാരുമായി അവരുടെ ഭാഷയിൽ സംസാരിക്കുന്നത് അവർക്കും അത്ഭുതവും വിസ്മയവുമാകുന്നു.
മലയാളിയെ താൻ തന്റെ വീട്ടിലെ ഡ്രൈവറായല്ല കാണുന്നത്. തന്നെ അനുഗമിക്കുന്ന വീട്ടംഗം എന്നോണമാണ് ഡ്രൈവറെ താൻ കാണുന്നത്. തനിക്കൊപ്പം ജോലി ചെയ്യുന്ന ഇന്ത്യൻ ഡ്രൈവർക്കും സൗദിയിൽ അന്യഥാബോധമോ ഒറ്റപ്പെടലോ തോന്നുന്നില്ലെന്ന് സൗദി യുവാവ് പറയുന്നു.
മലയാളം വശമാക്കിയതിലൂടെ ഇന്ത്യക്കാരുടെ തട്ടിപ്പ് ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചതിന്റെ അനുഭവവും സൗദി പൗരൻ ചാനൽ പ്രേക്ഷകരുമായി പങ്കുവെച്ചു. ഒരിക്കൽ കാറിലെ തകരാറ് തീർക്കുന്നതിന് മലയാളികൾ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിനെ സമീപിച്ചു. വാഹനം പരിശോധിച്ച് എൻജിനിൽ ചെറിയ തകരാറു മാത്രമേയുള്ളൂവെന്നും തകരാറ് എന്താണെന്നും പരസ്പരം സംസാരിച്ച വർക്ക് ഷോപ്പ് ജീവനക്കാർ, കാര്യമായ കേടാണെന്ന് പറഞ്ഞ് വലിയ ഒരുതുക ആവശ്യപ്പെടാമെന്ന് ധാരണയിലെത്തി. ഇതുപ്രകാരം തകരാറ് നന്നാക്കുന്നതിന് വലിയ തുക ജീവനക്കാർ ആവശ്യപ്പെട്ടതോടെ തൽക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ട് മറ്റൊരു വർക്ക് ഷോപ്പിനെ താൻ സമീപിച്ചു.
കാറിലെ തകരാറ് കൃത്യമായി താൻ അവർക്ക് വിശദീകരിച്ചു നൽകി. നിസാരമായ തുക മാത്രമേ ഈ തകരാറ് ശരിയാക്കാൻ വേണ്ടിവരികയുള്ളൂവെന്നും താൻ അവരോട് പറഞ്ഞു. എൻജിനിലെ തകരാറ് ഇത്രയും കൃത്യമായി താൻ വിശദീകരിച്ചുനൽകിയത് കേട്ട് രണ്ടാമത്തെ വർക്ക് ഷോപ്പ് ജീവനക്കാർ അമ്പരന്നതായും അബ്ദുല്ല പറയുന്നു. ഇത്തരത്തിൽ പെട്ട നിരവധി അനുഭവങ്ങൾ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും യുവാവ് പറയുന്നു. കൊറോണ പ്രതിസന്ധി അവസാനിച്ച ശേഷം കേരളം സന്ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയാണ് ചാനൽ അഭിമുഖം അബ്ദുല്ല അവസാനിപ്പിച്ചത്.