Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിക്ക് 'ഇന്തോനേഷ്യൻ ബാത്തിക്' ഉപഹാരം

ജിദ്ദ- സലാമത്ത് ദാത്താംഗ്..(സ്വാഗതം) - ജിദ്ദയിലെ ഇന്തോനേഷ്യൻ കോൺസൽ (എക്കണോമിക് അഫയേഴ്‌സ്) ബാച്ച്തിയർ, വൈസ് കോൺസൽ ഡോ. ഗുണവാൻ എന്നിവർ ചേർന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്റംഗവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ വരവേറ്റത് കിഴക്കനേഷ്യയുടെ പുരാതന എംബ്രോയിഡറിയിൽ സജ്ജീകരിച്ച പ്രസിദ്ധമായ ബാത്തിക് വസ്ത്രം ഉപഹാരമായി നൽകിക്കൊണ്ടായിരുന്നു. 
ഇന്ത്യ-ഇന്തോനേഷ്യ സൗഹൃദത്തിന്റെ നയതന്ത്ര പ്രതീകമായി ജാവാ നിർമിത ബാത്തിക് ഉടയാട തിളങ്ങിനിന്നു. 
വർഷങ്ങൾക്ക് മുമ്പ് മലേഷ്യൻ യാത്രക്കിടയിലാണ് തനിക്കിങ്ങനെയൊരു ബാത്തിക് ഉടുപ്പ് കിട്ടിയതെന്ന് ജിദ്ദയിലെ ഹ്രസ്വസന്ദർശനത്തിനിടെ, കുടുംബ സുഹൃത്തും നാട്ടുകാരനുമായ ജിദ്ദയിലെ വ്യവസായി പട്ടർകടവൻ അബ്ദുറഹ്മാൻ എന്ന കുഞ്ഞാന്റേയും മകൻ ഖൈറുറഹീമിന്റേയും (സഹ്‌റാനി ഗ്രൂപ്പ്) ആതിഥേയത്വത്തിൽ സജ്ജമാക്കിയ ഹൃദ്യമായ സ്വകാര്യ വിരുന്നിനിടെ കുഞ്ഞാലിക്കുട്ടി ഓർത്തെടുത്തു. ഇന്തോനേഷ്യൻ കോൺസൽമാർക്ക് പുറമെ ഇന്ത്യൻ കോൺസുലേറ്റുദ്യോഗസ്ഥരുടേയും നിരവധി സൗദി പൗരന്മാരുടേയും ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തികളുടേയും സാന്നിധ്യത്തിൽ നടന്ന സ്വീകരണച്ചടങ്ങ് സൗദിയ സിറ്റിയിലെ ഡയമണ്ട് കോംപൗണ്ടിലായിരുന്നു. 
ജിദ്ദാ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദലി, ഷിഫാ ജിദ്ദാ മെഡിക്കൽ ഗ്രൂപ്പ് എം.ഡി പി.എ അബ്ദുറഹ്മാൻ, അൽറയാൻ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ടി.പി. ശുഐബ്, കെ.ടി. അബ്ദുൽ ഹഖ് (അബീർ മെഡിക്കൽ ഗ്രൂപ്പ്), നജീബ് കളപ്പാടൻ (ഇ.എഫ്.എസ് കാർഗോ), സലീം മുല്ലവീട്ടിൽ, വി.പി. സിയാസ് ഇമ്പാല, സഈദ് തങ്ങൾ (ഏഷ്യൻ പോളിക്ലിനിക്ക്, മക്ക), ആരിഫ് കളപ്പാടൻ, ഇസ്മായിൽ കല്ലായ്, കെ.എം.സി.സി സാരഥികളായ കെ.പി. മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്, ടി.എം.എ റഊഫ്, ഖാലിദ് പാളയാട്ട്, അലി അക്ബർ വേങ്ങര, വി.പി. മുസ്തഫ, കാവുങ്ങൽ മുഹമ്മദ്, നവോദയ നേതാക്കളായ വി.കെ. റഊഫ്, ഷിബു തിരുവനന്തപുരം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. നാട്ടിലെ തിരക്കുകൾക്കിടയിൽനിന്ന് വീണ് കിട്ടിയ അനർഘനിമിഷങ്ങളാണിതെന്നും ഉംറയും മദീനാ സിയാറത്തിനും ശേഷം ജിദ്ദയിൽ ഇത്തരമൊരു അനൗപചാരിക സംഗമം ഏറെ അവിസ്മരണീയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിദ്ദയിലെ പ്രശസ്ത ഗായകൻ അബ്ദുൽഹഖ് തിരൂരങ്ങാടി ആലപിച്ച ബഡി ദൂർ സെ ആയേഹേ.. എന്ന പാട്ടും ചില മാപ്പിളപ്പാട്ടുകളും ആസ്വദിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടിയും പത്‌നി കുൽസുവും നാട്ടിലേക്ക് മടങ്ങിയത്. 
 

Latest News