Sorry, you need to enable JavaScript to visit this website.

ഫിലിം ഫെസ്റ്റിവെൽ തിരുവനന്തപുരത്ത്‌നിന്ന് മാറ്റരുത്-ശശി തരൂർ എം.പി

തിരുവനന്തപുരം-  കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  മാറ്റിവച്ച  അന്താരാഷ്ട്ര ചലച്ചിത്രമേള മേഖലകൾ തിരിച്ചു നടത്തുന്നതിൽ പ്രതിഷേധവുമായി ശശി തരൂർ എം.പിയും. തിരുവനന്തപുരം അറിവുള്ള സിനിമാ പ്രേമികളുടെ നഗരമാണെന്നും വേദി മാറ്റാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും തരൂർ വ്യക്തമാക്കി. ഫിലിം ഫെസ്റ്റ് തിരുവനന്തപുരത്ത് തന്നെ നടത്തണമെന്നും തരൂർ പറഞ്ഞു.   അതേസമയം, വിവാദം അനാവശ്യമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  
കേരളത്തിന്റെ നാലു മേഖലകളിലായാണ് ഇത്തവണ ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതൽ 14 വരെയും  എറണാകുളത്ത് ഫെബുവരി 17 മുതൽ 21 വരെയും  തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും  പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ച്  വരെയും  ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ച് തിയേറ്ററുകളിലായി അഞ്ച് ദിവസങ്ങളിൽ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേർക്ക്  മാത്രമേ  പ്രവേശനം അനുവദിക്കുകയുള്ളൂ.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ,  സാംസ്‌കാരിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ കഌസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും. വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കുന്നതല്ല.
ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ സംഘടിപ്പിക്കുന്ന മേളയിൽ തന്നെ പ്രതിനിധികൾ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് ആണ് എന്നുള്ള സർട്ടിഫിക്കറ്റ്  ഹാജരാക്കുന്നവർക്കും പാസ് അനുവദിക്കുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് ആയവർക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ. വാർത്താ സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി.അജോയ് എന്നിവരും പങ്കെടുത്തു.
======
 

Latest News