Sorry, you need to enable JavaScript to visit this website.

യുവാവിന്റെ തിരോധാനം: കൊന്ന് കിണറ്റിൽ തള്ളിയ സുഹൃത്തുക്കൾ പിടിയിൽ

പ്രതികളായ എബിൻ, സുഭാഷ് 

കിണർ വറ്റിച്ച് പരിശോധന നടത്തും

എടപ്പാൾ- ആറു മാസം മുമ്പ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിൽ തള്ളിയെന്ന് പോലീസ്. പ്രതികൾ പിടിയിൽ. കാണാതായ യുവാവിനെ കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംശയത്തിന്റെ പേരിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞവരെ ചോദ്യം ചെയ്യാൻ കാലതാമസം വരുത്തിയെങ്കിലും ആറു മാസത്തിന് ശേഷമാണ് കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. 2020 ജൂൺ 11 ന് കാണാതായ എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് (22) നെയാണ് സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതായി കുറ്റം സമ്മതിച്ചിരിക്കുന്നത്. ആറു മാസം മുമ്പ് ഇർഷാദിനെ വീട്ടിൽ നിന്ന് കാറിൽ കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞ് കയറ്റി കൊണ്ടുപോയ എടപ്പാൾ വട്ടംകുളം മേനോൻ പറമ്പിൽ എബിൻ (22),
അധികാരിപ്പടി സുഭാഷ് (23) എന്നിവരെയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ച് ഇന്നലെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 
മൊബൈൽ ഫോൺ, ലാപ്‌ടോപ് ബിസിനസുകാരനായിരുന്നു കാണാതായ ഇർഷാദ്.
വീട്ടിൽ നിന്ന് കൂട്ടുകാർ കൊണ്ടുപോകുമ്പോൾ പത്തു ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു വെന്ന് ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു. പണം തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, കാണാതായ പിറ്റേന്ന് തന്നെ ചങ്ങരംകുളം പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പോലീസ് രണ്ടു സുഹൃത്തുക്കളെ പല വട്ടം ചോദ്യം ചെയ്‌തെങ്കിലും വിട്ടയക്കുകയായിരുന്നു.
കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പോലീസ് ചീഫിന് ബന്ധുക്കൾ നൽകിയ പരാതിയാണ് ആറുമാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കഴിഞ്ഞത്. എടപ്പാൾ പഞ്ചായത്തിലെ പൂക്കരത്തായിയിലുള്ള കിണറ്റിലാണ് ഇർഷാദിനെ കൊന്ന് തള്ളിയതെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ശനി) കിണർ വറ്റിച്ച് പരിശോധന നടത്തും. കൊലപാതകത്തിൽ കൂടുതൽ പേരുണ്ടാകാമെന്ന് പോലീസ് പറയുന്നുണ്ട്. റംലയാണ് ഇർഷാദിന്റെ മാതാവ്. സിംല, സിനു എന്നിവർ സഹോദരിമാരാണ്.


 

Latest News