തിരുവനന്തപുരം- കേരളത്തിൽ വയോജനങ്ങൾക്ക് സർക്കാറിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി പത്തിനുമുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫിലെ സഹായം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്ന സേവനങ്ങൾ. ക്രമേണ ഇവർക്കുവേണ്ട എല്ലാ സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ പോയി പരാതി സ്വീകരിച്ച് അധികാരികൾക്ക് എത്തിച്ച് തുടർനടപടികളുടെ വിവരം വിളിച്ച് അറിയിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.