കൊച്ചി- ഒരുപാട് നിരപരാധികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കലിലടച്ച ചരിത്രമുള്ള ദേശീയ അന്വേഷണ ഏജൻസിക്ക് സ്വർണക്കടത്ത് കേസ് തിരിച്ചടിയാകുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയെങ്കിലും ആറ് മാസം കഴിഞ്ഞിട്ടും പ്രതികൾ ദേശദ്രോഹപ്രവർത്തനം നടത്തിയതിന് ഒരു തെളിവും കണ്ടെത്താൻ കഴിയാതെ എൻ.ഐ.എ ഇരുട്ടിൽ തപ്പുകയാണ്. തെളിവ് ഹാജരാക്കാത്തതിന് കോടതിയിൽ നിന്നും പലവട്ടം വിമർശനമേറ്റ എൻ.ഐ.എ കോടതി വീണ്ടും തെളിവ് ചോദിച്ചാൽ എങ്ങനെ മുഖംരക്ഷിക്കുമെന്ന ആശങ്കയിലാണിപ്പോൾ. ഇടക്കാല കുറ്റപത്രം ഉടൻ നൽകുമെന്ന് സൂചനയുണ്ടെങ്കിലും തെളിവില്ലാതെ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ നിയമവൃത്തങ്ങളിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ട്.
സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കഴിഞ്ഞ ദിവസം എൻ.ഐ.എ ഭരണകേന്ദ്രത്തിലെത്തിയിരുന്നു. എന്നാൽ പ്രധാന ചോദ്യമായ യു.എ.പി.എ വകുപ്പുകൾ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ കുഴങ്ങുകയാണ് എൻ.ഐ.എ. ഇനിയും ഡിജിറ്റൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും ഇതിലൂടെ ഭീകരബന്ധം തെളിയുമെന്നമുള്ള പ്രതീക്ഷ എൻ.ഐ.എ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് വെറും ഒഴിവ്കഴിവ് മാത്രമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചത് ജൂലൈ തുടക്കത്തിലായിരുന്നു. കസ്റ്റംസ് സ്വർണം കണ്ടെടുത്ത് അഞ്ചാം ദിവസമായിരുന്നു ഇത്. കള്ളക്കടത്ത് റാക്കറ്റിന് ഭീകര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു എൻ.ഐ.എയുടെ വരവ്. അറസ്റ്റുകളുടെയും റെയ്ഡുകളുടെയും പരമ്പര പിന്നാലെയുണ്ടായി. സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസിന്റെ കേസിൽ 26 പ്രതികളാണെങ്കിൽ എൻ.ഐ.എ അറസറ്റ് ചെയ്തത് 30 പേരെയാണ്. അറസ്റ്റ് ചെയ്യാതെ പ്രതി ചേർത്തവർ വേറെയുമുണ്ട്. ജ്വല്ലറി ഉടമയുടെ നിർദ്ദേശപ്രകാരം സ്വർണപാക്കറ്റ് എടുക്കാൻ പോയ ഡ്രൈവർക്കും സഹായിക്കുമെതിരെ പോലും യു.എ.പി.എ ചുമത്തി. അന്വേഷണം രണ്ട് മാസം പിന്നിട്ടതോടെ ഭീകര ബന്ധത്തിന് തെളിവ് എവിടെയെന്ന് കോടതി തന്നെ ചോദിച്ചു തുടങ്ങി. ആദ്യം ചൂണ്ടിക്കാട്ടിയത് മുവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയെ. പ്രൊഫസറുടെ കൈവെട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് അലിക്ക് സ്വർണക്കടത്തിലും ബന്ധമുണ്ടെന്നായിരുന്നു വാദം. എന്നാൽ കൈവെട്ട് കേസിൽ മുഹമ്മദലിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടതല്ലെ എന്ന് കോടതി ചോദിച്ചതോടെ ആ വാദം പൊളിഞ്ഞു. ഒരുപാട് അഭ്യൂഹങ്ങൾ വാർത്തകളായി പ്രചരിച്ചു. ദാവൂദ് ഇബ്രാഹിമുമായി വരെ പ്രതികൾക്ക് ബന്ധമുണ്ടെന്ന് ആരോപണം വന്നു. താൻസാനിയയിൽ ഡി സംഘത്തിൽപ്പെട്ട ഒരു ദക്ഷിണേന്ത്യാക്കാരനുണ്ടെന്നും കള്ളക്കടത്തിലെ രണ്ട് പ്രതികൾ ഇടയ്ക്ക് താൻസാനിയയിൽ പോയിട്ടുള്ളതിനാൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടാകാന്നുമായിരുന്നു എൻ ഐ എ പ്രചരിപ്പിച്ചത്. സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് തീവ്രവാദത്തിന്റെ പരിധിയിൽ വരുമെന്നായിരുന്നു എൻഐഎയുടെ മറ്റൊരു വാദം. സ്വർണക്കടത്ത് തടയാനുള്ള മാർഗം യുഎപിഎ ആണോ എാന്നായിരുന്നു ഇത്തരം വാദങ്ങളുമായെത്തിയ എൻ ഐ എയോട് കോടതി ചോദിച്ചത്. കള്ളക്കടത്തിന് ഗുഢാലോചന നടത്തിയവർക്കും ലാഭം മാത്രം ലക്ഷ്യമിട്ട് പണം മുടക്കിയവർക്കുമെതിരെ ഒരു പോലെ യുഎപിഎ ചുമത്തിയ നടപടിയെയും കോടതി ചോദ്യം ചെയ്തു. ഇതെങ്ങിനെ ന്യായീകരിക്കാൻ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അപ്പോഴാണ് വിചിത്ര ന്യായവുമായി എൻഐഎ രംഗത്ത് വന്നത്. 95 ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് കാത്തിരിക്കുകയാണെന്നും ഭീകരബന്ധത്തിനുള്ള തെളിവ് അതിലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു വാദം. എന്നാൽ വെറും പ്രതീക്ഷകൾവെച്ച് ആളുകളെ ജയിലിലിടാൻ ആവില്ലെന്നായി കോടതി. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 15 ന്, സ്വർണക്കടത്തിൽ നേരിട്ട് പങ്കില്ലാത്ത, പണം മാത്രം മുടക്കിയ 12 പ്രതികളെ ജാമ്യത്തിൽ വിടുകയും ചെയ്തു.