കണ്ണൂർ- ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും മൂന്ന് മാസം ബാക്കി നിൽക്കെ, കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 47.5 കോടി രൂപയുടെ കള്ളക്കടത്ത്. ഇതിൽ 16.12 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണവും ഉൾപ്പെടും. 58 തവണകളിലായാണ് ഇത്രയധികം സ്വർണം എയർ കസ്റ്റംസ് അധികൃതർ പിടികൂടിയത്. വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് പറന്നിറങ്ങിയ 37 പേരെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏപ്രിൽ മുതൽ ഇതുവരെയായി അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേരിൽ നിന്നായി 31.35 കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയും ഈ കാലയളവിൽ പിടിച്ചെടുത്തു. മൂന്ന് ലക്ഷം രൂപ വിലവരുന്ന 3016 ഗ്രാം കഞ്ചാവ് സഹിതം ഒരു വിമാന യാത്രക്കാരൻ പിടിയിലാവുകയും ചെയ്തു.
സാമ്പത്തിക വർഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആകെ 45 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തിരുന്നത്. അന്ന് 29 പേരാണ് വിവിധ ഘട്ടങ്ങളിലായി സ്വർണക്കടത്തിനിടെ പിടിയിലായത്. 2018 ഡിസംബർ ഒമ്പതിനാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചത്. 2019 മാർച്ച് 31 വരെയുള്ള നാല് മാസത്തിനുള്ളിൽ മാത്രം മൂന്ന് കിലോയോളം സ്വർണം പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 983 ഗ്രാം കഞ്ചാവ് പിടിച്ചപ്പോൾ 1.24 കോടിയുടെ വിദേശ കറൻസി മാത്രമാണ് പിടികൂടിയിരുന്നത്. എന്നാൽ ഈ വർഷം ഇതുവരെയായി പിടിച്ചെടുത്ത വിദേശ കറൻസി ഇതിന്റെ 26 ഇരട്ടിയോളം വരും. കോവിഡ് കാലത്തും നിർബാധം തുടരുന്ന കള്ളക്കടത്ത് തടയാൻ കസ്റ്റംസ് കർശന ജാഗ്രത പുലർത്തുകയാണ്.