Sorry, you need to enable JavaScript to visit this website.

തദ്ദേശ ഭരണസമിതികൾക്ക് തുറന്ന കത്തുമായി പ്രകൃതി സംരക്ഷണ സമിതി

കൽപറ്റ- പുതുതായി നിലവിൽവന്ന തദ്ദേശ ഭരണ സമിതികൾക്കു തുറന്ന കത്തുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി. ജില്ലയുടെ സുസ്ഥിര വികസനത്തിന് ഉതകുന്ന പദ്ധതികൾ പ്രാവർത്തികമാക്കണമെന്ന നിർദേശങ്ങളാണ് പ്രധാനമായും കത്തിലുള്ളതെന്നു സമിതി പ്രസിഡന്റ് എൻ.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ എന്നിവർ പറഞ്ഞു. കാർഷിക മേഖലയുടെ വീണ്ടെടുപ്പിനും പരിസ്ഥിതി പുനരുജ്ജീവനത്തിനും ത്രിതല-മുനിസിപ്പൽ ഭരണസമിതികൾ പ്രഥമ പരിഗണന നൽകണം. അതീവ ലോലവും അതിസങ്കീർണവുമായ പരിസ്ഥിതി സന്തുലനമുള്ള വയനാട് സർവനാശത്തിന്റെ നെല്ലിപ്പടിയിലാണ്. ജനസംഖ്യയിൽ മഹാഭൂരിഭാഗം വരുന്ന കർഷകർ പരിസ്ഥിതി തകർച്ചയുടെ തിക്തഫലമായ കാർഷികത്തകർച്ചയിൽ ഉഴലുകയാണ്. വരൾച്ചയും ജലക്ഷാമവും പ്രളയവും ഉരുൾപൊട്ടലും മാറിമാറി ജില്ലയെ ഗ്രസിക്കുകയാണ്. ഇക്കാര്യത്തിൽ ഭരണസമിതികൾ ജാഗ്രത പുലർത്തണം. 


വയനാടിനെ സമ്പൂർണ ജൈവ ജില്ലയായി മാറ്റണം. മലബാറിലാകെ ആവശ്യമായ വിഷരഹിത പച്ചക്കറികളും കിഴങ്ങുകളും ജില്ലയിൽ ഉത്പാദിപ്പിക്കാൻ കഴിയും. തനത് നെല്ലിനങ്ങളും കാപ്പിയും സുഗന്ധവിളകളും ഭൗമസൂചികാ പദവി സമ്പാദിച്ച് ലോക മാർക്കറ്റിൽ എത്തിച്ചാൽ സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാൻ ജില്ലയ്ക്കു കഴിയും. 
സംഘടിത പ്രസ്ഥാനങ്ങൾ കൊട്ടിഘോഷിക്കുന്ന വികസന പദ്ധതികളിൽ പലതും വിനാശകരമാണ്. യഥാർഥ വികസനം സാധ്യമാക്കുകയണ് തദ്ദേശ ഭരണാധികാരികളുടെ മുഖ്യധർമം. മെഡിക്കൽ കോളേജുകൾ ഡോക്ടർമാരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണെന്നും അടിയന്തരമായി ജില്ലയ്ക്കു വേണ്ടത് ഒന്നോ രണ്ടോ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും മരുന്നും ഡോക്ടർമാരും മറ്റു സൗകര്യങ്ങളുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണെന്നും പറയാനുള്ള ആർജവം പഞ്ചായത്തുകൾ കാണിക്കണം.


യൂനെസ്‌കോയുടെ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചതും ഭൂമിയിൽ മറ്റെവിടെയുമില്ലാത്തതുമായ സസ്യ ജന്തുജാലങ്ങളുടെ കലവറയാണ് വയനാട്. എന്നിരിക്കെ ബി.എം.സികളുടെ ശക്തീകരണത്തിനു അടിയന്തര നടപടികൾ സ്വീകരിക്കണം. 
മനുഷ്യ-വന്യജീവി സംഘർഷം ജില്ലയിൽ അതിരൂക്ഷമായ സാമൂഹിക പ്രശ്‌നമായി മാറിയിരിക്കയാണ്. സംസ്ഥാനം  മാറിമാറി ഭരിച്ച സർക്കാരുകളാണ് ഈ ഗുരുതരാവസ്ഥയ്ക്കു ഉത്തരവാദികൾ. വയനാടിന്റെ വന വിസ്തൃതിയുടെ മൂന്നിലൊന്നും ഏകവിളത്തോട്ടങ്ങളായതിന്റെ ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കാണ്. ജില്ലയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി നേരിടുന്ന ഏറ്റവും മുഖ്യമായ വെല്ലുവിളി വന്യജീവി സംഘർഷമാണെന്ന യാഥാർഥ്യം പഞ്ചായത്തുകൾ തിരിച്ചറിയണം. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ പഞ്ചായത്തുകൾക്കു വലിയ പങ്കു വഹിക്കാനാകും. വനവും വന്യജീവികളും നാടിന്റെ അമൂല്യ സമ്പത്താണെന്ന ബോധവും പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾക്കു ഉണ്ടാകണം. 


ജില്ലയിൽ ആദിവാസി, ദളിത്, തൊഴിലാളി വിഭാഗങ്ങളിലായി അനേകം ഭൂരഹിത കുടുംബങ്ങളുണ്ട്. ആയിരക്കണക്കിനു ഏക്കർ ഭൂമി വൻകിട തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ളപ്പോഴാണ് ഈ വൈരുധ്യം. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഭൂപ്രശ്‌നം  പരിഹരിക്കാതെയും ജീവിതാവസ്ഥയ്ക്കു മാറ്റം വരുത്താതെയുമുള്ള വികസനം അസംബന്ധമാണ്. 
മനുഷ്യനു പുനർനിർമിക്കാൻ കഴിയാത്ത പ്രകൃതി വിഭവങ്ങളുടെ ചൂഷണം നിയന്ത്രിതവും ശാസ്ത്രീയവുമാകണം. ജില്ലയിൽ എവിടെയെല്ലാം എത്രമാത്രം ഖനനമാകാമെന്നു നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം. ഖനിജങ്ങളുടെ സംഭരണവും വിതരണവും പഞ്ചായത്തുകളുടെ  ചുമതലയിൽ കൊണ്ടുവരണം. ജില്ലയിൽ ടൂറിസത്തിന്റെ മറവിൽ ഇപ്പോൾ നടക്കുന്നതു നഗ്നമായ പ്രകൃതിചൂഷണമാണ്. ടൂറിസം പരിസ്ഥിതി സൗഹൃദമാകണം. ഇതിനു പഞ്ചായത്തുകൾ മുൻകൈയെടുക്കണം. 


പതിനായിരക്കണക്കനു ഏക്കർ വരുന്ന പുഴപ്പുറമ്പോക്കുകൾ വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുകൾ ഏറ്റെടുക്കണം. ഇങ്ങനെ വീണ്ടെടുക്കുന്ന പ്രദേശത്ത് തൊഴിലുറപ്പു പദ്ധതിയിൽ പ്രതിവർഷം രണ്ടു ലക്ഷം ടൺ തീറ്റപ്പുൽ ഉത്പാദിപ്പിക്കാൻ കഴിയും. പഞ്ചായത്തുകളുടെ വരുമാനം കുത്തനെ ഉയരാനും ഇതു സഹായകമാകും. ഇതര ജില്ലകളിലും സംസ്ഥാനങ്ങളിലും നിന്നു വയനാട്ടിലേക്കു വരുന്ന വാഹനങ്ങൾക്ക് ഹരിത നികുതി ചുമത്തണം. ഇതിലൂടെ ലഭിക്കുന്ന വരുമാനം പരിസ്ഥിതി പുനരുജ്ജീവനത്തിനു തദ്ദേശ സ്ഥാപനങ്ങൾക്ക് വീതിച്ചു നൽകണമെന്നും കത്തിൽ നിർദേശിക്കുന്നു. 


 

Latest News