- വിദേശ പുരുഷ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു
റിയാദ്- അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാരുടെ എണ്ണം 29 ശതമാനം തോതിൽ വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 2,20,203 പേരുടെ വർധനവുണ്ടായി. ഇക്കാലയളവിൽ സ്വകാര്യ മേഖലയിൽ പുരുഷ ജീവനക്കാരുടെ എണ്ണത്തിൽ 14,03,256 പേരുടെ കുറവ് രേഖപ്പെടുത്തി. സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട പുരുഷ ജീവനക്കാരിൽ ബഹുഭൂരിഭാഗവും വിദേശികളാണ്.
തൊഴിൽ നിയമ പരിഷ്‌കാരങ്ങളും വനിതകൾക്ക് പരിശീലനവും പിന്തുണയും നൽകുന്ന പദ്ധതികളും പ്രോഗ്രാമുകളും തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ വനിതകൾക്ക് പ്രചോദനമായി. ഇതിനു മുമ്പ് സർക്കാർ ജോലികൾക്കാണ് വനിതകൾ മുൻഗണന നൽകിയിരുന്നത്. അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിതാ ജീവനക്കാരുടെ എണ്ണം 29 ശതമാനം തോതിൽ വർധിച്ചു. സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 1,36,622 പേരുടെ വർധനവാണുണ്ടായത്. അഞ്ചു വർഷത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണം 4,19,889 ൽ നിന്ന് 5,56,511 ആയി ഉയർന്നു.
ഇക്കാലയളവിൽ സ്വകാര്യ മേഖലയിൽ വിദേശ വനിതാ ജീവനക്കാരുടെ എണ്ണം 56.1 ശതമാനം തോതിൽ വർധിച്ചു. അഞ്ചു കൊല്ലത്തിനിടെ സ്വകാര്യ മേഖലയിൽ വിദേശ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 83,581 പേരുടെ വർധനവാണുണ്ടായത്. ഇക്കാലയളവിൽ സ്വകാര്യ മേഖലയിൽ വിദേശ വനിതാ ജീവനക്കാരുടെ എണ്ണം 1,48,949 ൽ നിന്ന് 2,32,530 ആയി ഉയർന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാരുടെ എണ്ണം തുടർച്ചയായി വർധിക്കുകയായിരുന്നു.
അഞ്ചു കൊല്ലത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി പുരുഷ ജീവനക്കാരുടെ എണ്ണം 1.3 ശതമാനം തോതിലും വിദേശ പുരുഷ ജീവനക്കാരുടെ എണ്ണം 18.2 ശതമാനം തോതിലും കുറഞ്ഞു. ഇക്കാലയളവിൽ സൗദി പുരുഷ ജീവനക്കാരുടെ എണ്ണത്തിൽ 14,782 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. സൗദി ജീവനക്കാരുടെ എണ്ണം 11,56,435 ൽ നിന്ന് 11,41,653 ആയി കുറഞ്ഞു. ഇതേ കാലയളവിൽ സ്വകാര്യ മേഖലയിൽ വിദേശ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ 14,03,256 പേരുടെ കുറവ് രേഖപ്പെടുത്തി. വിദേശ പുരുഷ തൊഴിലാളികളുടെ എണ്ണം 77,06,795 ൽ നിന്ന് 63,03,539 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ സ്വദേശികളും വിദേശികളും അടക്കം പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ ആകെ 14,18,038 പേരുടെ കുറവുണ്ടായി. ഇക്കൂട്ടത്തിൽ 99 ശതമാനം പേരും വിദേശികളും ഒരു ശതമാനം വിദേശികളുമാണ്.