ലിസ്ബൺ - ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയ ടീമുകളായ സൗദി അറേബ്യയും പോർചുഗലും ലിസ്ബണിൽ ഇന്ന് സന്നാഹ മത്സരം കളിക്കും. യൂറോപ്യൻ ചാമ്പ്യന്മാരാണ് പോർചുഗൽ. വെംബ്ലിയിൽ ഇംഗ്ലണ്ട്-ജർമനി പോരാട്ടവും അരങ്ങേറുന്നുണ്ട്.
സൗദിക്കെതിരെ റയൽ മഡ്രീഡ് വിംഗർ ക്രിസ്റ്റ്യാനൊ റൊണാൾഡൊ കളിക്കില്ല. 14 ന് അമേരിക്കയെ നേരിടുന്ന ടീമിലും ക്രിസ്റ്റ്യാനൊ ഇല്ല. വെറ്ററൻ താരങ്ങളായ റിക്കാർഡൊ ക്വാറസ്മ, നാനി എന്നിവരും ടീമിലില്ല. വിവിധ കളിക്കാരെ പരീക്ഷിക്കാൻ ഈ മത്സരങ്ങൾ ഉപയോഗിക്കുമെന്ന് പോർചുഗൽ കോച്ച് ഫെർണാണ്ടൊ സാന്റോസ് പറഞ്ഞു. പോർചുഗൽ സാധാരണ പരിചയിച്ചിട്ടില്ലാത്ത ശൈലികളിൽ കളിക്കുന്ന ടീമുകളാണ് സൗദിയും അമേരിക്കയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. പുതിയ കോച്ച് എഡ്ഗാഡൊ ബൗസക്കു കീഴിൽ യൂറോപ്യൻ പര്യടനം നടത്തുകയാണ് സൗദി. ചൊ വ്വാഴ്ച ലാത്വിയയെ 2-0 ന് സൗദി തോൽപിച്ചിരുന്നു. ഇംഗ്ലണ്ട്-ജർമനി മത്സരത്തിൽ നിരവധി യുവ താരങ്ങൾക്ക് അവസരം കിട്ടിയേക്കും. രണ്ടു ടീമുകളും പരിക്കിന്റെ പിടിയിലാണ്. ഹാരി കെയ്ൻ, ഡെലെ അലി, റഹീം സ്റ്റെർ ലിംഗ് തുടങ്ങിയ കളിക്കാർ ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറിയിട്ടുണ്ട്. മാന്വേൽ നൂയർ, ജെറോം ബൊയതെംഗ്, തോമസ് മുള്ളർ എന്നിവരില്ലാതെയാണ് ലോക ചാമ്പ്യന്മാർ വരുന്നത്. ടോണി ക്രൂസും സംശയമാണ്. ഇൽകേ ഗുണ്ടോഗൻ, മാരിയൊ ഗോട്‌സെ എന്നിവർ ലോകകപ്പ് ടീമിൽ കയറിപ്പറ്റാനുള്ള അവസാന ശ്രമത്തിലാണ്. ഗോട്‌സെയുടെ ഗോളിലാണ് കഴിഞ്ഞ ലോകകപ്പ് ഫൈ നലിൽ അർജന്റീനയെ ജർമനി എക്‌സ്ട്രാ ടൈമിൽ തോൽപിച്ചത്. ബ്രിട്ടനിൽ ആദ്യമായി ഈ മത്സരത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറിയെ പരീക്ഷിക്കുകയാണ്.