തിരുവനന്തപുരം-നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ ജീവനൊടുക്കിയ രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്കു സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.
രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വെച്ചു നല്‍കും.
ഇവരുടെ വിദ്യാഭ്യാസജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
കേരള വനിതാശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കുട്ടികളുടെ സംരക്ഷണവും തുടര്‍ പഠനവും സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ഇവരെ വീട്ടില്‍ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
അതേസമയം, രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഈ ഭൂമിയില്‍ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ചു റവന്യു വകുപ്പ് അന്വേഷണം തുടങ്ങി.
അമ്പിളിയുടെ മൃതദേഹം സംസ്‌കാരത്തിനു മുന്‍പു തടഞ്ഞുവച്ചു സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയാണു കേസ്.