തിരുവനന്തപുരം- കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ വിശദീകരണവുമായി രംഗത്ത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി രാജഗോപാൽ രംഗത്തെത്തിയത്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്പീക്കർ വേർതിരിച്ച് ചോദിച്ചില്ലെന്നും കാർഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്തിട്ടുണ്ടെന്നും രാജഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.
കാർഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാൻ ശക്തമായി എതിർത്തിട്ടുണ്ട്. എന്റെ നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില് ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ എതിർക്കുന്നില്ല. കേന്ദ്ര സർക്കാരിനെയും എതിർത്തിട്ടില്ല. ഈ ബില്ല് കർഷകർക്ക് ഏറെ ഗുണപ്രദമാണെന്നും രാജഗോപാൽ വ്യക്തമാക്കി.
പ്രധാനമന്ത്രി ചർച്ചക്ക് തയ്യാറാകുന്നില്ലെന്ന് ഭരണപ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചപ്പോൾ കേന്ദ്രസർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ ബിൽ പൂർണ്ണമായി പിൻവലിച്ചാലേ ചർച്ച നടത്തൂ എന്നുള്ള കർഷക സംഘടനകളുടെ തീരുമാനമാണ് സമരം നീണ്ടു പോകാൻ കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ കേന്ദ്ര സർക്കാരിനെതിരെയാണെന്നുള്ള മറച്ചുള്ള പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്നും രാജഗോപാൽ പറഞ്ഞു.