മാവേലിക്കര- വാടകവീട്ടില്‍ 29 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തഴക്കരയിലെ വാടകവീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയുടെ (32) ഫോണില്‍ നിറയെ ഒന്നാം പ്രതിയും ഗുണ്ടാനേതാവുമായ ലിജു ഉമ്മന്റെ ചിത്രങ്ങളാണെന്ന് പോലീസ് പറഞ്ഞു.
നിമ്മിയുടെ ഭര്‍ത്താവ് കായംകുളം സ്വദേശിയായ യുവാവ് വിദേശത്താണുള്ളത്. ഇദ്ദേഹവുമായി അകല്‍ച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഉമ്മന്‍ യുവതിയെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗപ്പെടുത്തിയതെന്നു പറയുന്നു. ആഡംബരക്കാറില്‍ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്താണ് ഇയാള്‍ പോലീസ് ചെക്കിങ്ങില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്.
ലിജുവിന്റെ താല്‍പര്യപ്രകാരമാണ് കായംകുളത്തു നിന്ന് മാവേലിക്കര ഭാഗത്ത് ഇവര്‍ക്കായി വാടക വീടെടുത്തത്. കഞ്ചാവിനു പുറമെ വീട്ടില്‍ നിന്ന് നാലര ലീറ്റര്‍ വാറ്റുചാരായവും 40 ലീറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും ഹാന്‍സ് പായ്ക്കറ്റുകളും കണ്ടെടുത്തിരുന്നു. ലിജുവിന്റെ കാറിലും കഞ്ചാവ് കണ്ടെത്തി.
നിമ്മിയുടെ ഫോണില്‍ കണ്ടെത്തിയ ഫോട്ടോകളില്‍ ഇരുവരും പങ്കെടുത്ത വലിയ പാര്‍ട്ടികളുടെ ചിത്രങ്ങളുമുണ്ട് ഇവയിലുള്ളവരെ കണ്ടെത്തി ലിജു ഉമ്മനെ കുടുക്കാനുള്ള ശ്രമമാണു പോലീസ് നടത്തുന്നത്.
യുവതി പിടിയിലാകുമ്പോള്‍ എട്ടും നാലരയും വയസുള്ള കുഞ്ഞുങ്ങളുണ്ടായിരുന്നു. ബന്ധുക്കളെ വിളിച്ചു വരുത്തി കുഞ്ഞുങ്ങളെ ഏല്‍പിച്ച ശേഷമാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ നിമ്മി റിമാന്‍ഡിലാണ്.
വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനവും ലഹരി ഇടപാട് നടത്തുന്ന ലിജു ഉമ്മനെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 41 കേസുകളുണ്ട്.