കാസർകോട് - കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം ഇനി ഇടതുമുന്നണിയിലെ ബേബി ബാലകൃഷ്ണന്റെ കരങ്ങളിൽ ഭദ്രം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ ഏഴിനെതിരെ എട്ട് വോട്ടുകൾക്ക് യു.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് ഇടതുമുന്നണി ഭരണം ഉറപ്പിച്ചത്.
മടിക്കൈ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ബേബി ബാലകൃഷ്ണൻ എട്ടും കുമ്പള ഡിവിഷൻ പ്രതിനിധി യു.ഡി.എഫിലെ ജമീലാ സിദ്ദിഖ് ദണ്ഡഗോളി ഏഴും വോട്ടുകൾ നേടിയപ്പോൾ രണ്ട് അംഗങ്ങളുള്ള ബി.ജെ.പി ആർക്കും വോട്ട് ചെയ്തില്ല. സി.പി.എമ്മിലെ സി.ജെ. സജിത്താണ് ബേബി ബാലകൃഷ്ണന്റെ പേര് നിർദേശിച്ചത്. സി.പി.ഐയിലെ അഡ്വ. എസ്.എൻ. സരിത പിന്താങ്ങി.
കോൺഗ്രസിലെ ഗീതാകൃഷ്ണൻ ജമീലയുടെ പേര് നിർദേശിച്ചു. മുസ്‌ലിം ലീഗിലെ ഗോൾഡൻ റഹ്മാൻ പിന്താങ്ങി. വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വോട്ടെടുപ്പിന് ശേഷം ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ബേബി ബാലകൃഷ്ണന് ജില്ലാ കലക്ടർ പൂച്ചെണ്ട് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ എത്തിയ പുതിയ അധ്യക്ഷന് ജില്ലാ പഞ്ചായത്തിലെ ജീവനക്കാർ സ്‌നേഹോപഹാരം നൽകി സ്വീകരിച്ചു.
ജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ മധുരം വിതരണം ചെയ്തു. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൽ.ജെ. ഡി ജില്ലാ പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, കരിവെള്ളൂർ വിജയൻ, അഡ്വ. വി.പി.പി. മുസ്തഫ, ഡി.സി.സി ജനറൽ സെക്രട്ടറി എ. ഗോവിന്ദൻ നായർ, ഹർഷാദ് വോർക്കാടി തുടങ്ങിയ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ബി.ജെ.പി നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. 21- ാമത്തെ വയസ്സിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ നാട്ടുകാരുടെ 'ബേബി ' വർഷങ്ങൾക്ക് ശേഷം കാസർകോട് ജില്ലയുടെ സ്വന്തം ബേബി ആയി മാറി. രണ്ട് തവണ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരു തവണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സത്യപ്രതിജ്ഞ കാണുന്നതിന് ഭർത്താവ് ബാലകൃഷ്ണനും മകനും ജില്ലാ പഞ്ചായത്തിൽ എത്തിയിരുന്നു.
കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഷാനവാസ് പാദൂരിനെ തെരഞ്ഞെടുത്തു. ജോമോൻ ജോസഫായിരുന്നു എതിർ സ്ഥാനാർഥി. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 17 അംഗങ്ങളിൽ 8 പേർ ഷാനവാസ് പാദൂരിനും 7 പേർ ജോമോൻ ജോസഫിനും വോട്ട് ചെയ്തു. രണ്ട് അംഗങ്ങൾ ആർക്കും വോട്ട് രേഖപ്പെടുത്താതിനാൽ അസാധുവായി.