Sorry, you need to enable JavaScript to visit this website.

മലയാള സിനിമക്ക് പുതിയൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം, പ്രൈംറീൽസിന്റെ ആദ്യചിത്രം 'ഗാർഡിയൻ' 

'ഗാർഡിയൻ' ചിത്രത്തിൽനിന്ന്.

കൊച്ചി - മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന ആദ്യത്തെ ഒ.ടി. ടി പ്ലാറ്റ് ഫോം പ്രൈംറീൽസിന്റെ ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു. പ്രൈംറീൽസ് പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രമായ 'ഗാർഡിയൻ' ജനുവരി  1 ന് റിലീസ് ചെയ്യും.
താരങ്ങൾ അടക്കമുള്ള 101 സിനിമപ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രൈം റീൽസിന്റെ ലോഗോ ലോഞ്ച് നടന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകൾ ഈ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും.
കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായ എയോൺ ന്യൂ റിലീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ സംരംഭത്തിന് പിന്നിൽ. ആൻഡ്രോയ്ഡ് ഫോണിലും, ഐ ഫോണിലും സ്മാർട്ട് ടി.വിയിലും മറ്റും പ്രൈംറീൽസ് ആപ്പ് ഡൌൺലോഡ് ചെയ്ത് അതിലുടെ സിനിമകൾ ആസ്വദിക്കാം. www.primereels.com എന്ന വെബ്‌സൈറ്റിലൂടെയും സിനിമകൾ കാണാം. ഒരു ടിക്കറ്റിന് രണ്ട് പേർക്ക് രണ്ട് വ്യത്യസ്ത ഉപകരണങ്ങളിൽ സിനിമ കാണാനാകും. ആകർഷകമായ പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്. 


ആദ്യ റിലീസായ ഗാർഡിയനിൽ സൈജു കുറുപ്പ്, മിയ ജോർജ്, സിജോയ് വർഗീസ്, പുതുമുഖ നായിക നയന, ഷിയാസ് കരീം, അജയ് ഷിബു  തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. കോവിഡ് പ്രതിസന്ധിക്ക് മുമ്പേ ചിത്രീകരണം നടത്തിയ സിനിമയാണിത്. ഫിംഗർ പ്രിന്റ്, കാറ്റ് വിതച്ചവർ എന്നീ ചിത്രങ്ങൾക്കുശേഷം അവാർഡ് ജേതാവായ സതീഷ് പോൾ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ്  'ഗാർഡിയൻ'. ഒരാളെ കാണാതാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഒരു അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളമാണ് ചിത്രത്തിന്റെ പ്രമേയം. ഐ.പി. എസ് മീര മോഹൻദാസായി മിയ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു.
ബഌക്ക് മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബിൻ ജോർജ്ജ് കണ്ണാത്തുക്കുഴി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കൽ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോർജ്ജ്. ധന്യാ സ്റ്റീഫൻ, നിരഞ്ജ്, എ. സുരേഷ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം ഈണം പകരുന്നു. എഡിറ്റർ-വിജി എബ്രാഹം.


ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണ, അർജുൻ നന്ദകുമാർ, അഭിജ ശിവകല, പ്രാർത്ഥന സന്ദീപ്, നഹൃൻ നവാസ് എന്നിവർ അഭിനയിക്കുന്ന 'കൺഫെഷൻസ്  ഓഫ് എ  കുക്കു' വാണ് പ്രൈം റീൽസിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം. സുരാജ് വെഞ്ഞാറമൂട്, എം.  എ. നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ് എന്നിവർ അഭിനയിക്കുന്ന 'വാക്ക്' മൂന്നാമത്തെ റിലീസ് ചിത്രമായെത്തും. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സുമേഷ് ആന്റ് രമേഷ് ആണ് നാലാമത്തെ ചിത്രം. തുടർച്ചയായ വെള്ളിയാഴ്ചകളിലായിരിക്കും സിനിമകൾ റിലീസ് ചെയ്യുക. പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ താരങ്ങളും അണിയറ പ്രവർത്തകരും പ്രൈംറിലീസ് സാരഥികളും പങ്കെടുത്തു. 

 

 

Latest News