തിരുവനന്തപുരം- കേരളാ പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ട് കൂടുതല്‍ പേരെ കുടുക്കി മുന്നേറുന്നു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ ഓണ്‍ലൈനില്‍ വിരിച്ച വലയാണ് പി ഹണ്ട്.
മാസങ്ങളായി തുടരുന്ന വേട്ടയില്‍ നൂറുകണക്കിനാളുകളാണ് ഇതിനകം വലയിലായത്. സംസ്ഥാന വ്യാപകമായി തുടരുന്ന റെയ്ഡുകള്‍ക്ക് ഇന്റര്‍പോളിന്റെ സഹായവുമുണ്ട്.
കുട്ടികള്‍ ഉള്‍പ്പെട്ട നഗ്നദൃശ്യങ്ങള്‍ കാണുന്നവരേയും ഡൗണ്‍ലോഡ് ചെയ്യുന്നവരേയും കണ്ടെത്തുകയും അവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നൂറുകണക്കിനാളുകളാണ് അറസ്റ്റിലായത്.
ഐ.ടി രംഗത്തുള്ളവരും പ്രൊഫഷണലുകളും പിടിയിലായവരിലുണ്ട്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാര്‍ട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സൂക്ഷിക്കുകയോ, പങ്കുവെക്കുകയോ ചെയ്യുന്നവര്‍ അതിവേഗം കുടങ്ങും. ഇത്തരക്കാരെ നിരീക്ഷിക്കാനും എവിടെയാണെങ്കിലും പിടികൂടാനും സാധിക്കുന്ന തരതതിലാണ് പി ഹണ്ടിന്റെ ഒരോഘട്ടവും.
കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യുന്നവരേയും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നവരേയും സൈബര്‍ഡോമും ഇന്റര്‍പോളുമാണ് നിരീക്ഷിക്കുന്നത്. വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ട്രാക്ക് ചെയ്താണ് പരിശോധന തുടരുന്നത്.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. എന്നാല്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പോലീസിന് സാങ്കേതിക സംവിധാനം സഹായകമാകുന്നുണ്ട്.
കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.