Sorry, you need to enable JavaScript to visit this website.

പുറംചട്ട നോക്കി പുസ്തകം വിലയിരുത്തരുത്

കാര്യങ്ങളെ യഥോചിതം വിലയിരുത്തുകയെന്നത് വിജയ പാതയൊരുക്കുന്നതിൽ സുപ്രധാനമാണ്. ഓരോ വ്യക്തികളേയും അവരുടെ പ്രവൃത്തികളേയും കൃത്യമായും സൂക്ഷ്മമായും വിലയിരുത്തി മുന്നേറുമ്പോഴാണ് നമ്മുടെ തീരുമാനങ്ങൾ ശരിയാവുക. ശരിയായ തീരുമാനങ്ങളാണ് വിജയത്തിലെത്തിക്കുക.
പുറംചട്ട നോക്കി പുസ്തകം വിലയിരുത്തരുത് എന്നത് വളരെ പ്രധാനപ്പെട്ടൊരു വിജയ മന്ത്രമാണെന്ന കാര്യം നാം അറിയണം. പുസ്തകത്തിന്റെ ഉള്ളടക്കവും സ്വഭാവ സവിശേഷതകളുമാണ് നമ്മുടെ ശ്രദ്ധയാകർഷിക്കേണ്ടത്. 
ജീവിതത്തിന്റെ പുറംമോഡിയും പളപളപ്പുമാണ് പലപ്പോഴും പലരേയും ആകർഷിക്കുന്നത്. എന്നാൽ കാര്യത്തോടടുക്കുമ്പോൾ അവയൊന്നും ഒരു പ്രയോജനവും ചെയ്തുകൊള്ളണമെന്നില്ല. എന്നല്ല ചിലപ്പോഴെങ്കിലും ചതിയിലകപ്പെട്ടെന്നുമിരിക്കും. പുഞ്ചിരി കൊണ്ട് ആളെ മയക്കുന്നവരാൽ നിങ്ങൾ വഞ്ചിതരാവരുത്. തേനിലാണ് വിഷം കലർത്തി നൽകാറുള്ളത് എന്നാണ് ഒരു അറബി കവി പാടിയത്. വിവാഹ സംബന്ധമായ നിർദേശങ്ങൾ നൽകുന്നിടത്ത് ശരീര സൗന്ദര്യത്തേക്കാൾ സ്വഭാവ വൈശിഷ്ട്യത്തിന് മുൻഗണന കൊടുക്കണമെന്ന് പറയുന്നതും ഇതേ അടിസ്ഥാനത്തിലാണ്. കാഴ്്ചയിലെ ഭംഗിക്കപ്പുറം മനസ്സിന്റെ സൗന്ദര്യം ഉൾക്കൊള്ളാനാകുമ്പോഴാണ് ഹൃദയങ്ങൾ എന്നും പ്രേമസുരഭിലമായി നിലകൊള്ളുക. 
സുന്ദരമായ മുഖം ഏറ്റവും നല്ല ശുപാർശക്കത്താണ്. എന്നാൽ മുഖകാന്തിയും സൗന്ദര്യവും കാലക്രമത്തിൽ നഷ്ടപ്പെടാം. എന്നാൽ സ്വഭാവ ഗുണങ്ങൾ കാലം കഴിയും തോറും തിളക്കമാർന്നതായി നിലനിൽക്കുകയാണ് ചെയ്യുക. അതിനാൽ എപ്പോഴും ഗുണമേന്മയാണ് പരിഗണിക്കേണ്ടത്.  
കാഴ്ചയിൽ മനോഹരമായ ആപ്പിൾ, എന്നാൽ അതിന്റെ അകം ചീഞ്ഞതാകാം എന്ന പ്രയോഗവും ഇതേ ആശയമാണ് പ്രതിഫലിപ്പിക്കുന്നത്. മാങ്ങയോടടുക്കുമ്പോഴേ അണ്ടിയുടെ പുളിയറിയൂ എന്ന പ്രയോഗവും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. പക്ഷേ പുളിയറിയുമ്പോഴേക്കും നാം തിരിച്ചുപോരാനാവാത്ത ഗർത്തങ്ങളിൽ ആപതിക്കാമെന്നതിനാൽ ശരിയായ സമയത്തുളള വിശകലനവും വിലയിരുത്തലുകളും അത്യാവശ്യമാണെന്നർഥം. 
മിന്നുന്നതെല്ലാം പൊന്നല്ല  എന്നത് നാം പ്രൈമറി സ്‌കൂൾ തൊട്ടേ കേൾക്കുന്നതാണ്.  പുറംപൂച്ച് കണ്ട് ആളുകളെയോ സാധനങ്ങളെയോ അളക്കരുതെന്നാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം. പ്രശസ്ത നാടകകൃത്തായ ഷേക്‌സ്പിയർ എഴുതിയ വെനീസിലെ വ്യാപാരി എന്ന നാടകത്തിലാണ് ഈ പഴഞ്ചൊല്ല് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പോർഷ്യ എന്ന കഥാപാത്രം ഏറ്റവും നല്ല ഭർത്താവിനെ തെരഞ്ഞെടുക്കുന്നതിനായി  ഒരു പരീക്ഷണം നടത്തുന്നു. ഈ പരീക്ഷണത്തിനായി അവൾ മൂന്ന് ചെറിയ ചെപ്പുകൾ നിർമിച്ചു. സ്വർണം, വെള്ളി, ഈയം എന്നിവ കൊണ്ടാണ് ഈ ചെപ്പുകൾ നിർമിച്ചത്. ഇവയിലൊന്നിൽ പോർഷ്യ തന്റെ ചിത്രം ഒളിപ്പിച്ച് വെച്ചു. 
പോർഷ്യയുടെ ചിത്രമുള്ള ചെപ്പ് കൃത്യമായി തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് അവളെ ഭാര്യയായി ലഭിക്കും എന്നായിരുന്നു വ്യവസ്ഥ. മൊറോക്കോയിലെ രാജകുമാരനായിരുന്നു ആദ്യം ചെപ്പ് തെരഞ്ഞെടുത്തത്. സ്വർണത്തിന്റെ ചെപ്പായിരുന്നു അയാൾ എടുത്തത്. ചെപ്പ് തുറന്ന രാജകുമാരൻ കണ്ടത്, 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന വാചകമെഴുതിയ ഒരു പേപ്പറാണ്.
പല പരിശീലകരും ഉദ്ധരിക്കാറുള്ള ഒരു കഥയുണ്ട്. 
ഒരിക്കൽ, ഒരു കോർപറേറ്റ് കമ്പനിയുടെ ഹ്യൂമൺ റിസോഴ്‌സസ്   ഡയറക്ടറായിരുന്ന സ്ത്രീ മരിച്ചു.  അവർ സ്വർഗത്തിൽ പോയി.
അവിടെ, ദൈവദുതൻ പറഞ്ഞു 'സ്വർഗത്തിൽ വന്ന ആദ്യത്തെ  എച്ച്. ആർ. ഡയറക്ടർ  എന്ന നിലയിൽ നിങ്ങൾക്ക് ഞങ്ങൾ ഒരു സുവർണാവസരം തരികയാണ്. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് സ്വർഗത്തിൽ കഴിയാം, നിങ്ങളുടെ വിസ എല്ലാം ശരിയാണ്. നിങ്ങൾ സ്വർഗത്തിൽ പോകുന്നതിന് മുമ്പായി നിങ്ങൾ ആഗ്രഹിക്കുന്ന പക്ഷം, നിങ്ങൾക്ക് നരക ദൃശ്യം കാണാം. നിങ്ങൾ അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, താങ്കൾക്ക് അപ്രകാരം ചെയ്യാം.'
അവൾ പറഞ്ഞു 'ഇല്ല, സ്വർഗം ലഭിച്ച ഞാൻ എന്തിനാണ്  നരകത്തിൽ പോകാൻ ആഗ്രഹിക്കുന്നത്? എനിക്ക്  സ്വർഗത്തിൽ പോയാൽ മതി 
അദ്ദേഹം പറഞ്ഞു. നരകത്തിൽ പോകണ്ട. ചുമ്മ ഒന്ന് കണ്ടു നോക്കൂ. ഒരു പക്ഷേ സ്വർഗത്തിന്റെ മൂല്യം തിരിച്ചറിയാൻ അത് സഹായിച്ചെങ്കിലോ.  അവൾ പറഞ്ഞു: ശരി 
അങ്ങനെ അവർ എലിവേറ്റർ വഴി നരകത്തിൽ വന്നു. എലിവേറ്റർ വാതിൽ തുറന്നു. അപ്പോൾ അതാ മനോഹരമായ ഒരു ഉദ്യാനം. അവിടെ പ്രമുഖരായ പലരും നീന്തൽ കുളത്തിൽ നീന്തുന്നു, ചിലർ പൂളിന്റെ അരികിൽ ഇരുന്നു കാറ്റു കൊള്ളുന്നു. അത്ഭുതകരമായ ഗോൾഫ് കോഴ്‌സിൽ ഒരു നല്ല ക്ലബ് ഹൗസ് ഉണ്ടായിരുന്നു അവിടെ. അവൾ വിചാരിച്ചു 'ഇത് ഒരു വലിയ നരകം!',
ദൈവദൂതൻ പറഞ്ഞു 'ശരി, എങ്കിൽ ഇനി നമുക്ക് സ്വർഗം കാണാം.  എന്നിട്ട്  ഏത് വേണമെന്ന് നിങ്ങൾക്ക്  തെരഞ്ഞെടുക്കാം. 
അങ്ങനെ അവർ എലിവേറ്റർ വഴി സ്വർഗത്തിൽ വന്നു, അവൾ അവിടെ ഒത്തിരി മേഘങ്ങൾ കണ്ടു, ജനം മേഘങ്ങളിൽ കൂടി ഒഴുകുന്ന കിന്നരം വായിച്ചുകൊണ്ട് ആസ്വദിക്കുന്നു. അരുവികളും ആരാമകളും എല്ലാമുണ്ട്. പക്ഷേ വളരെ കുറച്ചാളുകളേയുള്ളൂ. അധികവും അപരിചിതരും അപ്രശസ്തരുമായവർ. 
അവൾ പറഞ്ഞു ശരി,  സ്വർഗം കൊള്ളാം, എങ്കിലും ഞാൻ നരകത്തിലേക്ക് പോകാമെന്നാണ്് വിചാരിക്കുന്നത്. കാരണം എന്റെ എല്ലാ  പ്രിയ സുഹൃത്തുക്കളും താരങ്ങളുമൊക്കെ അവിടെയാണ്.   പിന്നെ അവിടുത്തെ ഗോൾഫ് കിടിലം ആണ്.
അങ്ങനെ അവർ വീണ്ടും ഇറങ്ങിപ്പോയി; വാതിലുകൾ വീണ്ടും തുറന്നു. പക്ഷേ ഈ സമയം, അത് കഠിനമായ മരുഭൂമി ആയിരുന്നു. എല്ലാവരും എല്ലും തോലുമായി ഇരിക്കുന്നു പട്ടിണിപ്പാവങ്ങളെ പോലെ. എല്ലാം ഭീതിദമാം അവസ്ഥയിൽ ആയിരുന്നു.  അവൾ പറഞ്ഞു, 'ഇത് എന്താണ്? ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ തോട്ടം, കുളം, ഗോൾഫ് കോഴ്‌സ് ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചത്?'
ദൈവദൂതൻ പറഞ്ഞു. അന്ന് നിങ്ങൾ ഇന്ററർവ്യൂവിന് വന്നതായിരുന്നതിനാൽ ഞങ്ങളുടെ അതിഥിയായിരുന്നു. ഇപ്പോൾ നിങ്ങൾ ഇവിടുത്തെ ജോലിക്കാരിയാണ്. 
മറ്റൊരു വിവരണത്തിൽ അത് നരകത്തിന്റെ പരസ്യമായിരുന്നു എന്നാണുള്ളത്. 
ചുരുക്കത്തിൽ ജീവിതത്തിന്റെ വർണ വിസ്മയങ്ങളിലോ സൗന്ദര്യ ലഹരിയിലോ വഞ്ചിതരാവാതെ   ഗുണനിലവാരവും സ്വഭാവ മഹിമയും തിരിച്ചറിയുന്നിടത്താണ് ജീവിത വിജയം സാധ്യമാവുക എന്നാണ് നാം ഓർക്കേണ്ട സുപ്രധാനമായൊരു വിജയമന്ത്രം.
 

Latest News