പാലക്കാട്- ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ലെന്ന് തേങ്കുറുശ്ശിയില്‍ ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ വിധവ ഹരിത വ്യക്തമാക്കി. ഭര്‍ത്താവിന്റെ അച്ഛനമ്മമാരാണ് ഇനി തന്റെ മാതാപിതാക്കളെന്നും അനീഷിന്റെ കൊലക്ക് ഉത്തരവാദികളായവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്താന്‍ ഏതറ്റം വരെയും പോരാടുമെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അനീഷിനെ കൊലപ്പെടുത്തിയ കേസില്‍ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാമന്‍ സുരേഷും നേരത്തേ അറസ്റ്റിലായിരുന്നു.
ജനിച്ച വീടുമായി ഇനി ഒരു ബന്ധവുമില്ല. അനീഷിന്റെ വീടാണ് എന്റെ വീട്. ഇവിടെ താമസിച്ച് പഠിച്ച് നല്ല ജോലി സമ്പാദിക്കണം. ഭര്‍ത്താവ് ഉണ്ടായിരുന്നുവെങ്കില്‍ എങ്ങനെ ഈ അച്ഛനമ്മമാരെ സംരക്ഷിക്കുമായിരുന്നുവോ, അങ്ങനെ സംരക്ഷിക്കും. ഭര്‍ത്താവിന്റെ ഘാതകരെ ഇനി അങ്ങനെയേ കാണാനാവൂ' -ഹരിത പറഞ്ഞു.
മകന്‍ നഷ്ടപ്പെട്ട തങ്ങള്‍ക്ക് പകരം ലഭിച്ച മകളാണ് ഹരിതയെന്ന് അനീഷിന്റെ അച്ഛന്‍ അറുമുഖന്‍ പറഞ്ഞു. തനിക്ക് ആറ് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉണ്ടായിരുന്നത് എന്നും അവരിലൊരാളായി ഹരിത ജീവിക്കുന്നത് സന്തോഷത്തോടെ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.