കണ്ണൂര്‍- ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനവും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നെത്തിയ 18 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരെ ബാധിച്ചത് ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അവരുടെ സ്രവം പരിശോധനക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം ലഭ്യമാവുന്ന മുറയ്ക്ക് മാത്രമേ ഇതേക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.
പുതിയ വൈറസിനും നേരത്തേയുള്ള ചികിത്സ തന്നെയാണ് നല്‍കുക. എന്നാല്‍ ഇതിന്റെ പകര്‍ച്ചാ ശേഷി പഴയതിനെക്കാള്‍ 70 ശതമാനം കൂടുതലാണെന്നതാണ് പുതിയ വൈറസിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. അതിനാല്‍ ഇത് വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
പുതിയ സാഹചര്യത്തില്‍ കോവിഡ് വ്യാപന സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനാല്‍ നേരത്തേയുണ്ടായ സി.എഫ്.എല്‍.ടി.സികളില്‍ പലതും വിട്ടുനല്‍കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളുടെക്കൂടി സഹകരണത്തോടെ കോവിഡ് ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം.