കാളികാവ്- തദ്ദേശ തെരഞ്ഞെടുപ്പു കാലത്തെ ശത്രുതയും വിദ്വേഷവും ഇല്ലാതാക്കുന്നതിന് ഏകദിന ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു ചെങ്കോട് വിവ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ മാതൃക. ചെങ്കോടിലെ മുഴുവന്‍ ഫുട്‌ബോള്‍ കളിക്കാരെയും ഉള്‍പ്പെടുത്തിയാണ് വിവ മാറഡോണ ട്രോഫി ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിച്ചത്.
ഫുട്‌ബോളിന്റെ ആവേശം നെഞ്ചേറ്റിയ കാളികാവിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ഇതേ വീറും വാശിയുമായിരുന്നു. അതുകൊണ്ടു തന്നെ പ്രദേശത്തെ 18 വയസ്സു മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്തു രാഷ്ട്രീയമായി വേര്‍തിരിഞ്ഞ് പോരാടിച്ചിരുന്ന നാട്ടുകാരെയും ക്ലബ് പ്രവര്‍ത്തകരെയും തിരികെ ഒരുമിച്ചുകൂട്ടുക എന്ന ഉദേശ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നു സംഘാടകര്‍ പറഞ്ഞു. കാളികാവ് കെ.എഫ്.സി മുന്‍ ഫുട്‌ബോള്‍ താരം കുന്നുമ്മല്‍ ഷാജി പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.
ചെങ്കോട് പ്രദേശത്തെ നാലു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. വിജയികള്‍ക്കു ട്രോഫികളും വിതരണം ചെയ്തു. ആവേശകരമായ പിന്തുണയാണ് ടൂര്‍ണമെന്റിനു ലഭിച്ചത്. ക്ലബ് ഭാരവാഹികളായ കെ.സി. റൈഷാദ്, ജുനൈദ് പഴയോടാന്‍, ഒ.പി. നവാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കളിക്കാര്‍ക്കും സംഘാടകര്‍ക്കും മുഴുവന്‍ സമയവും കളി നിരീക്ഷിച്ചവര്‍ക്കും ഭക്ഷണവും നല്‍കിയിരുന്നു. ഏഴു മണിയോടെ ആരംഭിച്ച ടൂര്‍ണമെന്റ് അര്‍ധരാത്രിയോടെ സമാപിച്ചു.