മലപ്പുറം- കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിർധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്‌കരിച്ച 'തണലൊരുക്കാം, ആശ്വാസമേകാം' പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് ഡിസംബർ 30 ന് വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് നടക്കും.മലബാർ ഹൗസിൽ നടക്കുന്ന ചടങ്ങ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദലി എം.കെ. അധ്യക്ഷത വഹിക്കും. ശൈഖ് മുഹമ്മദ് കാരകുന്ന് സഹായ വിതരണം നിർവഹിക്കും. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തും. സലീം മമ്പാട്, ഹസനുൽബന്ന (പ്രവാസി വെൽഫയർ ഫോറം), വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ അബ്ദുൽ റഹീം എൻ.കെ, ഹബീബ് റഹ്മാൻ, ഫസലുൽ ഹഖ്, അബ്ദുൽ ഹമീദ്, സൈനുദ്ദീൻ കെ എന്നിവരും സംബന്ധിക്കും.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 കുടുംബങ്ങൾക്കാണ് 36 ലക്ഷം രൂപയുടെ സഹായം നൽകുന്നത്. വീട് നിർമ്മാണം, നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണം, ബാങ്ക് വായ്പ തീർപ്പാക്കൽ, വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം ഒരു വർഷത്തേക്ക് പെൻഷൻ നൽകും. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങൾക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നൽകുന്നത്. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടി.