കോട്ടയം - കേരള കോൺഗ്രസ് എമ്മിലെ നിർമ്മല ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സി.പി.എമ്മിലെ ടി.എസ് ശരത് വൈസ് പ്രസിഡന്റാവും. ഇന്നലെ ചേർന്ന ഇടതു മുന്നണി ജില്ലാതല യോഗത്തിലാണ് തീരുമാനം. പ്രസിഡന്റു പദവി ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് എമ്മിന് ലഭിക്കും. പിന്നീട് രണ്ടു വർഷം സി.പി.എം, അവസാന ഒരു വർഷം സി.പി.ഐക്ക് നൽകും.
വൈസ് പ്രസിഡന്റ് പദവി ആദ്യ രണ്ട് വർഷം സി.പി.എമ്മിനും തുടർന്ന് ഒരു വർഷം സി.പി.ഐക്കും ലഭിക്കും. അവസാന രണ്ടു വർഷങ്ങൾ കേരള കോൺഗ്രസ് എമ്മിനും നൽകാനാണു ധാരണ. ഇതോടെ ജില്ലാ പഞ്ചായത്തിൽ ആദ്യ ടേം കേരള കോൺഗ്രസ് എമ്മിനു ലഭിക്കുകയാണ്. സി.പി.എമ്മിന് ഇക്കാര്യത്തിൽ വിയോജിപ്പില്ലായിരുന്നുവെങ്കിലും സി.പി.ഐ എതിർത്തു. സി.പി.എം- കേരള കോൺഗ്രസ് കക്ഷികൾ പ്രസിഡന്റു പദം പങ്കിടാനുളള നീക്കം അനുവദിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. തുടർന്ന് നടന്ന ചർച്ചയിലാണ് സി.പി.ഐക്ക് ഒരു വർഷം പ്രസിഡന്റു പദം നൽകാൻ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ നിർമല ജിമ്മി ചന്ദ്രൻകുന്നേൽ കുടുംബാംഗമാണ്. നിലവിൽ കേരള കോൺഗ്രസ് ജോസ് കെ മാണി - വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. 1995-ൽ ളാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച് ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വരവറിയിച്ചു. വൈസ് പ്രസിഡന്റുമായി. 2000ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2005ലും 2010ലും ജില്ലാ പഞ്ചായത്തംഗം. 2012-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 2015-ൽ പൂഞ്ഞാർ ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. ഭർത്താവ് ജിമ്മിച്ചൻ ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗമാണ്. ജിനോ, ജിയോ എന്നിവർ മക്കളാണ്.
ഇന്നു നടക്കുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നും പി.സി ജോർജിന്റെ കേരള ജനപക്ഷം വിട്ടു നിൽക്കും. ഇരുമുന്നണികളുമായി സമദൂരം പാലിക്കാനും വികസന കാര്യങ്ങളിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ചു പ്രവർത്തിക്കാനുമാണ് പാർട്ടി തീരുമാനം.
പി.സി ജോർജിന്റെ മകൻ ഷോൺ ജോർജാണ് ജനപക്ഷത്തിന്റെ ജില്ലാ പഞ്ചായത്ത് അംഗം.
കോട്ടയം ജില്ലാ പഞ്ചായത്തിലെ കക്ഷി നില- എൽഡിഎഫ് -14 സി.പി.എം -6 കേരള കോൺ. എം- 5 സി.പി.ഐ-3
യു.ഡി.എഫ്-7 കോൺഗ്രസ് -5 കേരള കോൺ. ജോസഫ്- 2
ജനപക്ഷം- 1